Connect with us

Editorial

സ്‌നോഡന്‍: റഷ്യയുടെ ആര്‍ജവം

Published

|

Last Updated

അമേരിക്കയുടെ തീട്ടൂരം അവഗണിച്ചു റഷ്യ എഡ്വേഡ് സ്‌നോഡന് അഭയം നല്‍കിയിരിക്കുന്നു. പ്രിസം എന്ന ഞെട്ടിപ്പിക്കുന്ന ചാരപ്പണിയെക്കുറിച്ച് വെളിപ്പെടുത്തിയതിന് അമേരിക്ക രാജ്യദ്രോഹക്കുറ്റം ചുമത്തിയ യു എസ് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി (എന്‍ എസ് എ) മുന്‍ അംഗം സ്‌നോഡന്‍ ജൂണ്‍ 23നാണ് അഭയം ആവശ്യപ്പെട്ട് ഹോങ്കോംഗില്‍ നിന്ന് മോസ്‌കോയിലെ ഷറമത്യോവ് വിമാനത്താവളത്തിലെത്തിയത്. അമേരിക്ക ആഗോള അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സ്‌നോഡന് അഭയം നല്‍കുന്നത് നയതന്ത്രതലത്തില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാല്‍ സമഗ്ര ചര്‍ച്ചകളും കൂടിയാലോചനകളും ആവശ്യമായതിനാലാണ് അഭയം നല്‍കാനുള്ള റഷ്യയുടെ തീരുമാനം വൈകിയത്. 2013 ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്കാണ് അഭയം.
റഷ്യയുടെ തീരുമാനം വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചത് സ്വാഭാവികം. ആഗോള വിഷയങ്ങളില്‍ നിഷ്പക്ഷത എന്ന മോസ്‌കോയുടെ അവകാശവാദം പൊള്ളയാണെന്ന് സ്‌നോഡന്‍ പ്രശ്‌നം തെളിയിച്ചുവെന്നാണ് വൈറ്റ്ഹൗസ് വക്താവ് ജെ കാര്‍ണിയുടെ പ്രതികരണം. അമേരിക്കക്ക് കൂടുതല്‍ ദുഷ്‌പേര് വരുത്തുന്ന പല സുപ്രധാന രേഖകളും സ്‌നോഡന്റെ കൈവശമുണ്ടെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മാധ്യമപ്രവര്‍ത്തകന്‍ ഗ്ലന്‍ ഗ്രീന്‍ വാള്‍ഡിന്റെ വെളിപ്പെടുത്തലും അമേരിക്കയെ വേട്ടയാടുന്നുണ്ടാകണം. മറ്റു രാഷ്ട്രങ്ങള്‍ രാജ്യദ്രോഹികളായി പ്രഖ്യാപിച്ച പലര്‍ക്കും വൈറ്റ് ഹൗസ് അഭയം നല്‍കിയ കാര്യം അവര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്.
അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി ആഗോളവ്യാപകമായി ഇ-മെയിലുകളും ഫോണുകളും ഇന്റര്‍ നെറ്റ് സന്ദേശങ്ങളും ചോര്‍ത്തുന്നുവെന്ന വിവരമാണ് ദ ഗാര്‍ഡിയന്‍ പത്രത്തിലൂടെ സ്‌നോഡന്‍ പുറം ലോകത്തെ അറിയിച്ചത്. 2013 മാര്‍ച്ചിലെ 30 ദിവസം കൊണ്ട് മാത്രം 9700 കോടി വിവരങ്ങളാണത്രേ ചോര്‍ത്തിയത്. ഇറാനില്‍ നിന്ന് 1400 കോടി വിവരങ്ങള്‍, പാകിസ്താനില്‍ നിന്ന് 1350 കോടി, ഇന്ത്യയില്‍ നിന്ന് 630 കോടി എന്നിങ്ങനെ ഒരു മാസത്തിനകം എന്‍ എസ് എ വിവിധ രാജ്യങ്ങളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങളുടെ കണക്കുകളും പത്രം വെളിപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വരെ ചോര്‍ത്താന്‍ ശേഷിയുള്ളതാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയും ഇന്റര്‍നെറ്റ് കമ്പനികളും ചേര്‍ന്ന് നടത്തുന്ന പ്രിസം നിരീക്ഷണ പദ്ധതി എന്നാണ് വിവരം.
ഒരു ഭാഗത്ത് ചങ്ങാത്തം നടിക്കുകയും മറുഭാഗത്ത് സൈബര്‍ ചാരപ്പണിയിലൂടെ രാജ്യത്തിന്റെയും ജനങ്ങളുടെയും രഹസ്യങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന കൊടിയ വഞ്ചനയും നെറികേടുമാണ് ഇന്ത്യയെപ്പോലുള്ള സുഹൃദ്‌രാജ്യങ്ങളോട് അമേരിക്ക കാണിച്ചു വരുന്നത്. ഇക്കാര്യം വെളിപ്പെട്ടതിലൂള്ള ജാള്യവും വിദ്വേഷവുമാണ് സ്‌നോഡന് നേരെ വൈറ്റ് ഹൗസ് വാളോങ്ങുന്നതിന് പിന്നില്‍. യഥാര്‍ഥത്തില്‍ പൗരസ്വാതന്ത്ര്യത്തിനും രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള ജനങ്ങളുടെയും രാജ്യങ്ങളുടെയും അവകാശത്തിനും നേരെയുള്ള കൈയേറ്റമാണ് അമേരിക്കയുടെ പ്രിസം പദ്ധതി. ഇക്കാര്യം പുറംലോകത്തെ അറിയിക്കാന്‍ പ്രേരിപ്പിച്ചത് മനുഷ്യാവാകാശ, ധാര്‍മിക ബോധമാണെന്ന സ്‌നോഡന്‍ പറയുന്നു. അമേരിക്കക്ക് അപ്രിയമെങ്കിലും ഇന്ത്യയെപ്പോലുള്ള മറ്റു രാഷ്ട്രങ്ങള്‍ക്ക് ഗുണകരവും പ്രയോജനകരവുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ രഹസ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ക്കോ മറ്റേതെങ്കിലും രാജ്യങ്ങള്‍ക്കോ കൈമാറിയിരുന്നെങ്കില്‍ കൈനിറയെ പണവും പാരിതോഷികങ്ങളും ലഭിക്കുമായിരുന്നെങ്കിലും അതിനേക്കാളേറെ മറ്റുള്ളവരുടെ നന്മക്കും മൂല്യങ്ങള്‍ക്കുമാണ് താന്‍ വില കല്‍പിക്കുന്നതെന്നും സ്‌നോഡന്‍ വ്യക്തമാക്കുകയുണ്ടായി. എന്നിട്ടും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ അദ്ദേഹത്തിന് അഭയം നല്‍കാന്‍ തയാറായില്ലെന്നതാണ് ഖേദകരം. മോസ്‌കോയിലെ നയതന്ത്ര കാര്യാലയം മുഖേന ഇന്ത്യയോട് സ്‌നോഡന്‍ അഭയം ആവശ്യപ്പെട്ടിരുന്നു. മന്‍മോഹന്റെ അമേരിക്കന്‍ വിധേയത്വമായിരിക്കണം സ്‌നോഡനോടുള്ള കടപ്പാടും ധര്‍മവും നിറവേറ്റുന്നതിന് തടസ്സമായത്.
ശീതയുദ്ധകാലത്തെ ശത്രുത അവസാനിപ്പിച്ച് അമേരിക്കയും റഷ്യയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ഭാഗമായി മോസ്‌കോ ആവശ്യപ്പെട്ട ചില തടവുകാരെ അടുത്തിടെ അമേരിക്ക റഷ്യക്ക് കൈമാറുകയുണ്ടായി. ഈയൊരു ഘട്ടത്തിലും നയതന്ത്ര തലത്തിലെ പ്രത്യാഘാതങ്ങളെ ഭയക്കാതെ സ്‌നോഡന് അഭയം നല്‍കാന്‍ പുടിന്‍ കാണിച്ച ധീരത അഭിനന്ദാര്‍ഹമാണ്.

Latest