Connect with us

International

ഈജിപ്ത് സന്ദര്‍ശിക്കാന്‍ സെനറ്റര്‍മാരോട് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍ / കൈറോ: ബ്രദര്‍ഹുഡ് പ്രക്ഷോഭം രൂക്ഷമായ ഈജിപ്തിലേക്ക് സമാധാന ദൗത്യവുമായി പോകാന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ മുതിര്‍ന്ന സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഈജിപ്തിലെ ഏറ്റുമുട്ടലുകളെ കുറിച്ചും അവിടുത്തെ രാഷ്ട്രീയ അവസ്ഥയെ കുറിച്ചും സൈനിക, സര്‍ക്കാര്‍ നേതൃത്വങ്ങളുമായും ബ്രദര്‍ഹുഡ് മേധാവികളുമായി ചര്‍ച്ച നടത്തണമെന്ന് രണ്ട് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരോട് ഒബാമ ആവശ്യപ്പെട്ടതായി വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. ഉടനെ തന്നെ ഈജിപ്ത് സന്ദര്‍ശനം നടത്തണമെന്നാണ് ഒബാമയുടെ നിര്‍ദേശം. ഈജിപ്തില്‍ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇ യു വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ നടത്തിയ ഈജിപ്ത് സന്ദര്‍ശനത്തിന് പിന്നാലെയാണ് ഒബാമയുടെ നിര്‍ദേശം. മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ലിന്‍ഡ്‌സെ ഗ്രഹാം, യംകെയിന്‍ എന്നിവരോടാണ് ഈജിപ്തിലേക്ക് പോകാന്‍ ഒബാമ ആവശ്യപ്പെട്ടിരിക്കുന്നത്.
ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറിക്കിടെ പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രദര്‍ഹുഡ് നടത്തുന്ന പ്രക്ഷോഭങ്ങള്‍ അക്രമാസക്തമായതോടെയാണ് സമാധാന ദൗത്യവുമായി ഇ യു വിദേശകാര്യ മേധാവി കാതറിന്‍ ആഷ്തണ്‍ കൈറോയിലെത്തിയത്. കൈറോയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ പ്രക്ഷോഭത്തില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍, സൈനിക പ്രതിനിധികളുമായും ബ്രദര്‍ഹുഡ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ആഷ്തണ്‍, ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് സൈനിക തടവറയില്‍ കഴിയുന്ന മുഹമ്മദ് മുര്‍സിയെ നേരില്‍ കാണുകയും രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
അതേസമയം, ഇ യു മേധാവിയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രക്ഷോഭ പരിപാടികള്‍ അവസാനിപ്പിക്കാന്‍ ബ്രദര്‍ഹുഡ് നേതൃത്വം തയ്യാറായിട്ടില്ല. മുര്‍സിക്ക് അധികാരം തിരിച്ചു നല്‍കുന്നത് വരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബ്രദര്‍ഹുഡ്.

Latest