Connect with us

Kannur

മുഴപ്പിലങ്ങാട് എഫ് സി ഐ തൊഴില്‍ത്തര്‍ക്കം ഒത്തുതീര്‍ന്നു

Published

|

Last Updated

തലശ്ശേരി: മുഴപ്പിലങ്ങാട് എഫ് സി ഐയില്‍ കഴിഞ്ഞ ആറ് നാളായി തുടരുന്ന തൊഴില്‍ത്തര്‍ക്കം ഒത്തുതീര്‍പ്പായി. ഇന്നലെ കാലത്ത് മുതല്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും എഫ് സി ഐ ഉദ്യോഗസ്ഥരും ഗോഡൗണ്‍ ഓഫീസില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വ്യവസ്ഥകള്‍ പ്രകാരം ചുമട്ടുത്തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് നല്‍കിയ കേസുകള്‍ പിന്‍വലിക്കും. എന്നാല്‍ സംഘര്‍ഷത്തിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ തകര്‍ന്ന കാറിന് നഷ്ടപരിഹാരം തൊഴിലാളികള്‍ നല്‍കണം. പ്രവൃത്തി ദിവസം റെയില്‍വെ സ്റ്റേഷനിലെത്തുന്ന വണ്ടിയില്‍ നിന്നും പരമാവധി 21 വാഗണ്‍ ഭക്ഷ്യധാന്യമിറക്കാനും തീരുമാനമായി.
ചര്‍ച്ചയില്‍ മുഴപ്പിലങ്ങാട് എഫ് സി ഐയെ പ്രതിനിധീകരിച്ച് ഏരിയാ മാനേജര്‍ വിജയ് ബ്രാലെ, ഡിപ്പോ ചുമതലയുള്ള ഉദ്യോഗസ്ഥരായ എം അബു, എ പി സുനില്‍, പി രാജഗോപാല്‍, എന്‍ കെ കുമാരന്‍ എന്നിവരും യൂനിയനുകളെ പ്രതിനിധീകരിച്ച് രത്‌നബാബു, സെയ്‌ലവി, രാജന്‍ തുടങ്ങിയവരും പങ്കെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ഡ്യൂട്ടി സമയം കഴിഞ്ഞും തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചുവെന്ന പ്രശ്‌നമാണ് പിറ്റേന്നാള്‍ മുതല്‍ സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. 25ന് രാവിലെ തൊഴിലാളികള്‍ സംഘടിച്ച് ഏരിയാ മാനേജര്‍ വിജയ് ബ്രാലെ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പ്രകോപിതരായ തൊഴിലാളികള്‍ ഗോഡൗണ്‍ മാനേജര്‍ എ പി സുനിലിനെ അക്രമിക്കാന്‍ ഒരുങ്ങിയെങ്കിലും സുനില്‍ ഓടി രക്ഷപ്പെട്ടു. അക്രമം കാട്ടിയ 10 ചുമട്ടുതൊഴിലാളികളുടെ പേരില്‍ കേസുണ്ട്. ഇതില്‍ രണ്ട് പേര്‍ സംഭവദിവസം അറസ്റ്റിലായി. ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്. ഇതേ തുടര്‍ന്നായിരുന്നു നിസഹകരണ സമരവും അനിശ്ചിതകാല പണിമുടക്കവും പ്രഖ്യാപിച്ച് ചുമട്ട് തൊഴിലാളികള്‍ ജോലിയില്‍ നിന്നും വിട്ടുനിന്നത്. ഈ ദിവസങ്ങളില്‍ ഭക്ഷ്യധാന്യങ്ങളുമായി എടക്കാടെത്തേണ്ടിയിരുന്ന ചരക്ക് വണ്ടികള്‍ പയ്യന്നൂരിലേക്ക് തിരിച്ചുവിടേണ്ടി വന്നിരുന്നു. ചുമട്ടുത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം തലശ്ശേരി താലൂക്കിലെ റേഷന്‍ വിതരണത്തെ ബാധിച്ച് തുടങ്ങിയത് ഏറെ ആശങ്കയുയര്‍ത്തിയിരുന്നു.