Connect with us

Wayanad

പഴശ്ശി മ്യൂസിയം ഹെറിറ്റേജ് മ്യൂസിയമായി ഉയര്‍ത്തുന്നു

Published

|

Last Updated

മാനന്തവാടി: ഒരോ ജില്ലയിലും ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി മാനന്തവാടി പഴശ്ശി മ്യുസിയം ഹെറിറ്റേജ് മ്യൂസിയമായി ഉയര്‍ത്തുന്നു. പുരാവസ്തു വകുപ്പ് രണ്ട് കോടി ചിലവിട്ടാണ് മ്യൂസിയം വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ നടത്തുക.
2010 ലാണ് ജില്ലാ ആശുപത്രിക്കു സമീപമുള്ള പഴശ്ശി സ്മാരകം മ്യൂസിയമായി പൊതു ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. പഴശ്ശിയുമായി ബന്ധപ്പെട്ട ചരിത്ര രേഖകള്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പഴശ്ശിയുടെ വാള്‍, ചരിത്രാതീത കാലത്തെ വീരക്കല്ല് ഉള്‍പ്പെടെയുള്ള കല്ലുകള്‍, മണ്‍ ഭരണികള്‍ , പഴയ കാല നാണയങ്ങള്‍, വയനാട്ടിലെ ആദിവാസി വിഭാഗത്തിന്റെ വിവിധ മാതൃകയിലുളള കുടിലുകള്‍, നായട്ടിനും, മത്സ്യബന്ധത്തിനും ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
അവധി ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ദിനം പ്രതി ആയിരത്തോളം പേര്‍ ഇവിടം സന്ദര്‍ശനം നടത്താറുണ്ട്. അന്യ സംസ്ഥാനമായ ഗുജറാത്ത്, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെല്ലാം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ പരിമിതമാണ്. അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന മ്യൂസിയത്തിന് ചുറ്റും സുരക്ഷാ മതിലോ, മ്യൂസിയത്തിലേക്ക് മാത്രമായി വഴിയോ ഇല്ലാത്തത് മ്യൂസിയത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു. മഴക്കാലത്ത് കെട്ടിടം ചോര്‍ന്നൊലിക്കുന്നതും ഏറെ ഭീഷണിയായി മാറുന്നു. ഹെറിറ്റേജ് മ്യൂസിയമായി ഉയര്‍ത്തുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ചുറ്റുമതില്‍ നിര്‍മ്മിക്കുക, വഴി വീതിക്കൂട്ടുക, തെരുവ് വിളക്ക് സ്ഥാപിക്കുക, വയനാട്ടിന്റെ സംസ്‌ക്കാരത്തേയും, ചരിത്രത്തിന്റേയും ബന്ധിപ്പിക്കുന്ന കൂടുതല്‍ പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ സജ്ജീകരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയവായാണ് ഇവിടം ഹെറിറ്റേജ് മ്യൂസിയമായി ഇയര്‍ത്തുന്നതോടെ ലഭിക്കുന്ന പ്രധാന നേട്ടം. ഇതുവരെ മ്യൂസിയം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് പ്രവേശനം തികച്ചും സൗജന്യമായിരുന്നു. ഹെറിറ്റേജ് മ്യൂസിയമായി ഉയര്‍ത്തുന്നതോടെ ചാര്‍ജ്ജ് ഈടാക്കാനും തീരുമാനമായിട്ടുണ്ട്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും മ്യൂസിയത്തിലേക്ക് മാത്രമായി വഴിയില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ജില്ലാ മെഡിക്കല്‍ ഓഫിസിലേക്കും ഇതേ വഴിയായതിനാല്‍ 24 മണിക്കൂറും ഇതിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് മ്യൂസിയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കും. ഇതു കൂടി പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പഴശ്ശി സ്‌നേഹികളുടെ ആവശ്യം.

---- facebook comment plugin here -----

Latest