മാടക്കുന്നിന് വികസനം ഇന്നും അന്യം: വികസനസമിതി ജനപ്രതിനിധികളെ സമീപിക്കും

Posted on: July 31, 2013 12:15 am | Last updated: July 31, 2013 at 12:15 am

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍പ്പെട്ട തരിയോട്-കോട്ടത്തറ-വെങ്ങപ്പള്ളി പഞ്ചായത്തുകളുടെ സംഗമപ്രദേശമായ മാടക്കുന്നിന്റെ വികസനത്തിനായി രൂപീകരിച്ച വികസനസമിതി ജനപ്രതിനിധികളെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വികസനം മുരടിച്ചുകിടക്കുന്ന പ്രദേശത്തിന്റെ ഉന്നമനത്തിനായി മന്ത്രി, എം പി, എം എല്‍ എ തുടങ്ങിയവര്‍ക്ക് പരാതി നല്‍കും. പ്രദേശത്തുകാരുടെ സ്വപ്‌നമായ മാമ്പിലിച്ചക്കടവ് പാലം യാഥാര്‍ത്ഥ്യമാക്കണമെന്നതാണ് വികസനസമിതി മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ കല്‍പ്പറ്റയിലേക്കുള്ള ദൂരം 10 കിലോമീറ്റര്‍ മാത്രമായി ചുരുങ്ങും. രാജ്യസഭാംഗമായിരുന്ന എ വിജയരാഘവന്‍ എം പിയുടെ ഫണ്ടില്‍ നിന്നും വകയിരുത്തിയ തുക കൊണ്ട് കള്ളന്‍തോട് പാലം പണിതെങ്കിലും അതിലേക്കുള്ള അപ്രോച്ച്‌റോഡ് ഇന്നും ചളിക്കളമായി കിടക്കുകയാണ്.
പൂവ്വത്തിങ്കല്‍പടി-അമ്പലക്കുന്ന് റോഡിന്റെ പണി പൂര്‍ത്തിയായെങ്കില്‍ മാത്രമെ ഈ റോഡിലൂടെ ബസ് ഗതാഗതം ആരംഭിക്കാന്‍ കഴിയുകയുള്ളു. റോഡ് പണിക്കുള്ള സഹായം നല്‍കാമെന്ന എം എല്‍ എയുടെ വാഗ്ദാനം ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയിട്ടുണ്ട്. പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മറ്റ് റോഡുകളുടെ പ്രവൃത്തികളൊന്നും തന്നെ ഫലവത്തായിട്ടില്ല. കൃഷി ആവശ്യത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊടുത്ത മാമ്പിലിച്ചക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല. കുടിവെള്ളക്ഷാമം ഏറെ അനുഭവപ്പെടുന്ന പ്രദേശമാണ് മാടക്കുന്ന്-കോട്ടക്കുന്ന്-കൊയിലേരി ഭാഗങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പിലാക്കിയ നീര്‍ച്ചാല്‍ കുടിവെള്ള പദ്ധതി ഇനിയും കമ്മീഷന്‍ ചെയ്തിട്ടില്ല. മാടക്കുന്ന് ഹെല്‍ത്ത് സെന്ററാണ് ആരോഗ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന ഏക സ്ഥാപനം.
എന്നാല്‍ മാസങ്ങളായി ഇവിടെ ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സിന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിരവധി ക്ഷീരകര്‍ഷകരുള്ളതിനാല്‍ ഈ പ്രദേശത്ത് ഒരു വെറ്ററിനറി ഡിസ്‌പെന്‍സറി, പാല്‍ സംഭരണകേന്ദ്രം എന്നിവക്ക് സാധ്യതയേറെയാണ്. ഇവിടെ നിന്നും പുറംലോകത്തെത്താന്‍ ആകെയുള്ളത് ഒരു കെ എസ് ആര്‍ ടി സി ബസ്സാണ്. നേരത്തെ രണ്ട് സര്‍വ്വീസ് നടത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത് ഒന്നായി ചുരുങ്ങി. സ്‌കൂള്‍ സൗകര്യം സമീപപ്രദേശങ്ങളിലുണ്ടെങ്കിലും അവിടെയെത്തിപ്പെടാനുള്ള വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പറഞ്ഞറിയാക്കാനാവാത്തതാണ്. വൈദ്യുതി പ്രദേശത്തെത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം വീടുകളിലും ഇപ്പോഴും വൈദ്യുതിയില്ല. ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് മാടക്കുന്ന പ്രദേശവാസികള്‍ അനുഭവിച്ചുവരുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ രക്ഷാധികാരി ഫാദര്‍ തോമസ് ചേറ്റാനിനി, പ്രസിഡന്റ് പി കെ ശശിധരന്‍, സെക്രട്ടറി പി പി സദാനന്ദന്‍, രാജന്‍ കുന്നത്ത്, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു