Connect with us

Kerala

നിലപാടിലുറച്ച് ചെന്നിത്തല; നിലപാട് സോണിയാ ഗാന്ധിയെ അറിയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭയിലേക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചതോടെ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ രാത്രി വൈകിയും മുകുള്‍ വാസ്‌നികുമായും അഹമ്മദ് പട്ടേലുമായും രമേശ് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സംസ്ഥാനത്തേക്ക് മടങ്ങി. തന്റെ തീരുമാനം സോണിയയെ അറിയിക്കാനാണ് രമേശ് ആലോചിക്കുന്നത്.

ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാനാവില്ലെന്ന് എ ഗ്രൂപ്പ് തീരുമാനിച്ചതോടെയാണ് രമേശിന്റെ മന്ത്രിസഭാ പ്രവേശനം വീണ്ടും പ്രതിസന്ധിയിലായത്. രമേശിനെ അപ്രധാന വകുപ്പ് നല്‍കി അപമാനിക്കാനാണ് ശ്രമമെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം. മന്ത്രിസഭാ പുനഃസംഘടന ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് ആ ഗ്രൂപ്പ് നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

സംസ്ഥാനത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി പദവി രമേശിന് നല്‍കുന്നതിനെകുറിച്ച് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. നാളെ അദ്ദേഹം വീണ്ടും ഡല്‍ഹിക്ക് പോവും.

ഹൈക്കമാന്റുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മുഖ്യമന്ത്രി ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിന് മുഖ്യമന്ത്രി ഘടക കക്ഷികളോടം മറുപടു പറയേണ്ടി വരും.