Connect with us

Wayanad

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും വരെ എല്‍ ഡി എഫ് സമരം തുടരും: എ കെ ശശീന്ദ്രന്‍

Published

|

Last Updated

കല്‍പറ്റ: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നാടിനെ നാണക്കേടിലാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കും വരെ എല്‍ ഡി എഫ് പ്രക്ഷോഭം തുടരുമെന്ന് എന്‍ സി പി നിയമസഭാ കക്ഷി നേതാവ് എ കെ ശശീന്ദ്രന്‍ എം എല്‍ എ പ്രസ്താവിച്ചു.
യു ഡി എഫ് സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള വിമോചന സമരമാണിതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തണം. യു ഡി എഫ് സര്‍ക്കാറിന് ഭൂരിപക്ഷമുള്ളേടത്തോളം കാലം അവര്‍ ഭരിച്ചോട്ടെ. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ തുടരാനുള്ള എല്ലാ ധാര്‍മികതയും നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല.
മുഖ്യമന്ത്രി മാറിനിന്നുകൊണ്ട് കേരളത്തെ നാണക്കേടിലേക്ക് നയിച്ച സോളാര്‍ തട്ടിപ്പും ഉന്നതരുടെ പങ്കും എല്ലാം സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണം വേണം. ഇക്കാര്യമാണ് എല്‍ ഡി എഫ് നിയമസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ പോലും കഴിയാതെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് അദ്ദേഹം ശുപാര്‍ശ ചെയ്തത്.
മുഖ്യ.മന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് എല്‍ ഡി എഫ് കല്‍പറ്റയില്‍ നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ കെ ശശീന്ദ്രന്‍. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് ഇതിനകം വ്യക്തമായി. അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയിലും സഹമന്ത്രിമാരിലുമൊക്കെയാണ്. അവര്‍ക്ക് കീഴിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം അതുകൊണ്ടുതന്നെ വഴിമുട്ടിയിരിക്കുന്നു. ഇക്കാര്യമാണ് തുടക്കം മുതല്‍ എല്‍ ഡി എഫ് പറഞ്ഞിരുന്നതും.
അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കാനുള്ള മാന്യത ഉമ്മന്‍ചാണ്ടി കാണിക്കണമെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. കെ സി കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. പി കെ മൂര്‍ത്തി, എസ് ജി സുകുമാരന്‍, പി കെ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest