സംസ്ഥാനപാത കുരുതിക്കളമാകുന്നു: ആറ് കിലോമീറ്ററിനുള്ളില്‍ ദിവസങ്ങള്‍ക്കിടെ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍

Posted on: July 30, 2013 7:23 am | Last updated: July 30, 2013 at 7:23 am

എടപ്പാള്‍: ദുരന്തനിവാരണ സംവിധാനങ്ങള്‍ യാഥാര്‍ഥ്യമാകാത്തതിനാല്‍ സംസ്ഥാന പാത കുരുതിക്കളമാകുന്നു.

സംസ്ഥാനപാതയില്‍ ആറ് കിലോമീറ്ററിനുള്ളില്‍ 13 ദിവസത്തിനിടെ പൊലിഞ്ഞത് അഞ്ച് മനുഷ്യജീവനുകളാണ്. ഒന്നര വര്‍ഷം മുമ്പ് കോടികള്‍ ചെലവിട്ട് നവീകരിച്ച സംസ്ഥാന പാതയുടെ പ്രവര്‍ത്തി ഇനിയും പൂര്‍ത്തിയാകാത്തത് ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. ഒരു കിലോമീറ്റര്‍ ദൂരത്തിന് ഒന്നര കോടി രൂപ ചെലവഴിച്ച് ഉന്നത ഗുണനിലവാരമെന്ന് പറഞ്ഞാണ് റോഡ് നവീകരിച്ചിരുന്നത്. ടാറിംഗ് ജോലികള്‍ മാത്രമാണ് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. അപകടമേഖലകളില്‍ മുന്നറിയിപ്പുബോര്‍ഡുകളോ സിഗ്നല്‍ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. അന്യ സംസ്ഥാന ലോറികളുള്‍പ്പടെ റോഡിന്റെ ഘടനയറിയാതെ രാത്രികാലങ്ങളില്‍ അപകടങ്ങളിലേക്ക് കൂപ്പുകുത്തുന്നത് പതിവാണ്.
ഇന്നലെ രണ്ടുപേരുടെ മരണത്തിനിടയാക്കിയ കണ്ടനകത്തെ അപകടം നടന്ന വളവില്‍ മുന്നറിയിപ്പു ബോര്‍ഡുകളൊ സിഗ്നല്‍ സംവിധാനങ്ങളൊ സ്ഥാപിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് നടുവട്ടം കാലടിത്തറയില്‍ ബൈക്ക് യാത്രികനായിരുന്ന ഒതളൂര്‍ സ്വദേശി ശിവദാസന്‍ റോഡരികിലെ സ്ലാബിടാത്ത കാനയില്‍ വീണ് ദാരുണമായി മരണമടഞ്ഞത്. മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് കാറില്‍ പുറപ്പെട്ട മകന്‍ മരണമടഞ്ഞതും നടുവട്ടം കാലടിത്തറയിലായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയായ ശബരീനാഥ് തിരൂരില്‍ നിന്ന് കാര്‍ വാടകക്കെടുത്ത് പോകുമ്പോഴാണ് ടാങ്കര്‍ ലോറി കാറിലിടിച്ചത്. റോഡിലെ ചതിക്കുഴി ഒഴിവാക്കാന്‍ വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് മെറ്റല്‍ കയറ്റിവരുകയായിരുന്ന ടിപ്പര്‍ ലോറിയിലിടിച്ച് കോഴിക്കോട് കുറ്റിയാടി സ്വദേശി തളീക്കര മലയന്റെകണ്ടി അബ്ദുള്‍കരീം മരണമടഞ്ഞതും നടുവട്ടം കാലടിത്തറയിലായിരുന്നു. 6 കിലോമീറ്റര്‍ ദൂരം കണ്ടനകം മുതല്‍ കാളാച്ചാല്‍ വരെ അനുദിനം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത് നാട്ടുകാര്‍ വിറങ്ങലിച്ചു നില്‍ക്കുകയല്ലാതെ അധികൃതരുടെ ഭാഗത്തുനിന്നും പ്രഖ്യാപനങ്ങള്‍ മാത്രമാകുമ്പോള്‍ വാഹനങ്ങള്‍ അപകടങ്ങളിലേക്ക് വഴുതുകയാണ്.
കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ദിലൂസ് ഹൗസില്‍ സുലൈമാന്‍, കൊല്‍ക്കൊത്ത സ്വദേശി പ്രദീപ് ചൗധരി എന്നിവരുടെ ജീവനുകളാണ് ഇന്നലെ രാവിലെ കണ്ടനകത്ത് പൊലിഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധം പലപ്പോഴും അപകടങ്ങള്‍ നടക്കുമ്പോള്‍ അതിരുവിടുകയാണ്. ഇന്നലെ അപകടം നടന്നപ്പോഴും പോലീസ് സ്ഥലത്തെത്താന്‍ വൈകിയത് നാട്ടുകാരെ പ്രകോപിതരാക്കി. പൊന്നാനി എസ്.ഐ. സിപി. വേലായുധന്‍ ഉള്‍പ്പെടെ പൊലീസ് സംഘത്തെ നാട്ടുകാര്‍ തടയുകയായിരുന്നു.