കളിമണ്ണ് പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനം എടുത്തിട്ടില്ലെന്ന്

Posted on: July 30, 2013 1:14 am | Last updated: July 30, 2013 at 1:14 am

കൊച്ചി: പ്രസവരംഗ ചിത്രീകരണത്തിന്റെ പേരില്‍ വിവാദമായ ബ്ലെസിയുടെ കളിമണ്ണ് സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ പ്രസ്താവനക്കെതിരെ കേരള ഫിലിം ചേംബര്‍ രംഗത്ത്. ഇത്തരമൊരു തീരുമാനം കേരള ഫിലിം ചേമ്പറും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും എടുത്തിട്ടില്ലെന്ന് കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ശശികുമാര്‍, സെക്രട്ടറി അനില്‍തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലിബര്‍ട്ടി ബഷീര്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനം മാത്രമാണ്. ഇത് ഫെഡറേഷന്റെ അഭിപ്രായമല്ലെന്നും ഫെഡറേഷനിലെ അംഗം കൂടിയായ ശശികുമാര്‍ പറഞ്ഞു. ഫെഡറേഷന്റെ കമ്മിറ്റി ചേരുകയോ ഈ വിഷയം ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
കളിമണ്ണിന്റെ ചിത്രീകരണ വേളയില്‍ നടി ശ്വേതാമേനോന്റെ പ്രസവ രംഗം ചിത്രീകരണവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നതരായ അഞ്ച് വനിതകളുടെ പാനല്‍ ആണ് ചിത്രം സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.