ചൈനയില്‍ കനത്ത പ്രളയം; 13,000 പേര്‍ ദുരിതത്തില്‍

Posted on: July 30, 2013 12:11 am | Last updated: July 30, 2013 at 12:11 am

ബീജിംഗ്: ചൈനയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം 13,000 പേരെ ദുരിതത്തിലാക്കി. ചൈനയിലെ മംഗോളിയ പ്രദേശത്തുള്ള കാട്ടുപ്രദേശത്താണ് വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമായത്. തുലിഹെ ടൗണ്‍ഷിപ്പ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. 1,200 വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

ഗന്‍ഹെ നഗരത്തില്‍ 10,000 പേരെ വെള്ളപ്പൊക്കം ദുരിതത്തിലാക്കിയിട്ടുണ്ട്. മേഖലയില്‍ വരും ദിനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്ത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും പോലീസിനെയും രംഗത്തിറിക്കിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. പ്രദേശത്തെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.