ഒന്നര വയസുള്ള കുട്ടിയെ ഒമ്പത് മണിക്കൂര്‍ കാറില്‍ മറന്നുവെച്ചു

Posted on: July 29, 2013 10:04 pm | Last updated: July 29, 2013 at 10:04 pm

റാസല്‍ഖൈമ: കൊടും ചൂടില്‍ ഒരു വയസും നാലു മാസവുമുള്ള കുട്ടിയെ കാറില്‍ മറന്നുവെച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കൊണ്ടു കത്തിയെരിയുന്ന കാലാവസ്ഥയിലാണ് ദമ്പതികള്‍ കുഞ്ഞിനെ വൈകുന്നേരം മൂന്ന് മുതല്‍ രാത്രി 12 വരെ കാറില്‍ മറന്നുവെച്ചത്. കഠിനമായ ചൂടും ശ്വാസതടസവും നേരിട്ട കുട്ടിയെ ഉടന്‍ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
കാറിന്റെ പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്ന പിഞ്ചുകുട്ടിയെ ഔട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ ദമ്പതികളാണ് മറന്നത്. മൂന്ന് മണിക്കു വീടിനു മുമ്പില്‍ കാര്‍ നിര്‍ത്തി പോയ രക്ഷിതാക്കള്‍ക്ക് കുട്ടിയെ കുറിച്ച് ഓര്‍മവരുന്നത് രാത്രി 12ന്.
ഉടന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. കുട്ടികളുടെ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി സുഖംപ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കഠിനമായ ചൂട് ഏറ്റതിനാലും വെള്ളം കുടിക്കാത്തതിനാലും ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ട് അര്‍ധബോധാവസ്ഥയിലായിരുന്നു. ജീവഹാനി സംഭവിക്കാത്തത് അത്ഭുതമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.