നടുറോഡില്‍ ഡ്രൈവറെ തല്ലിയ സ്വദേശിക്ക് ജോലി നഷ്ടമായി

Posted on: July 29, 2013 9:49 pm | Last updated: July 30, 2013 at 1:54 am

INDIAദുബൈ: നടുറോഡില്‍ ഇന്ത്യക്കാരനായ വാന്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്ത സ്വദേശി ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നു മാറ്റിയതായി പ്രമുഖ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ കാറുമായി ഇന്ത്യന്‍ക്കാരന്‍ ഓടിച്ച വാന്‍ ചെറുതായി ഉരസിയതിന്റെ പേരില്‍ വാന്‍ ഡ്രൈവറെ തന്റെ ഇഖാല്‍ കൊണ്ട് പരസ്യമായി അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഈ രംഗം പകര്‍ത്തി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്തത് ധാരാളം പേര്‍ കണ്ടിരുന്നു. കേസില്‍ പ്രതിയായ സ്വദേശിയെ മുഖം നോക്കാതെ അറസ്റ്റ് ചെയ്തതിന് ദുബൈ പോലീസിന്റെ പ്രതിബദ്ധതയെ എല്ലാവരും പുകഴ്ത്തി. സര്‍ക്കാറിന്റെ കീഴിലെ ഒരു പ്രധാന വകുപ്പ് തലവനായി ജോലി ചെയ്യുന്ന സ്വദേശിക്ക് ഇക്കാരണം കൊണ്ട് പിരിച്ചുവിടല്‍ നേരിടേണ്ടിവന്നതായാണ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്തത്.
മര്‍ദനമേറ്റ ഇന്ത്യക്കാരന്റെ പരാതിയും സംഭവം ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്ത ഇന്ത്യക്കാരനെതിരെ സ്വദേശിയുടെ കുടുംബം നല്‍കിയ പരാതിയും പിന്‍വലിച്ചതിനാല്‍ രണ്ടു കേസുകളും ദുബൈ കോടതി കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.