ഈ വര്‍ഷം പിടിയിലായത് 22,481 അനധികൃത താമസക്കാര്‍

Posted on: July 29, 2013 9:00 pm | Last updated: July 29, 2013 at 9:13 pm

ദുബൈ:ഈ വര്‍ഷം 22,481 അനധികൃത താമസക്കാര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം താമസ-കുടിയേറ്റ വകുപ്പ് ആക്ടിംഗ് അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഹാരിബ് അല്‍ ഖൈലി അറിയിച്ചു.

ആദ്യ അഞ്ചുമാസത്തെ കണക്കാണിത്. പിടിയിലായവരില്‍ മിക്കവരും ദക്ഷിണേഷ്യക്കാരാണ്. താമസ-കുടിയേറ്റ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വ്യാപകമായി തിരച്ചില്‍ തുടരുന്നു. ആദ്യ അഞ്ചു മാത്തിലാണ് 22,481 പേര്‍ പിടിയിലായത്.
അതേസമയം, അനധികൃത തൊഴിലാളികളെ ജോലിക്കു നിയോഗിച്ച 179 കമ്പനികള്‍ക്ക് പിഴ ശിക്ഷ വിധിച്ചു. ഓരോ കമ്പനിക്കും 50,000 ദിര്‍ഹം വീതമാണ് പിഴ. അധനധികൃത താമസക്കാരെ ജോലിക്കു നിയോഗിക്കരുതെന്ന് നിരന്തരം അഭ്യര്‍ഥന നടത്തിയിട്ടും ഇങ്ങനെ ചെയ്യുന്നത് വലിയ കുറ്റമാണ്.
അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ 80080 ഹോട്ട്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്നും മേജര്‍ ജനറല്‍ ഹാരിബ് അല്‍ഖൈലി പറഞ്ഞു. അനധികൃത താമസക്കാര്‍ക്കു കഴിഞ്ഞ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. ലക്ഷത്തിലധികം ആളുകളാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. അതേസമയം, പൊതുമാപ്പിനു ശേഷവും രാജ്യത്തു തങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അന്നു തന്നെ, അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അനധികൃത താമസക്കാര്‍ രാജ്യത്തെ താമസ നിയമം ലംഘിച്ചിരിക്കയാണ്. അനധികൃത താമസക്കാരെ ജോലിക്ക് വെക്കരുതെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് സാമൂഹികവും ആരോഗ്യകരവുമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും-അധികൃതര്‍ അറിയിച്ചു.