രാജ്യസഭാ സീറ്റിന് നൂറ് കോടി; കോണ്‍ഗ്രസ് എം പിയുടെ പരാമര്‍ശം വിവാദമായി

Posted on: July 29, 2013 5:13 pm | Last updated: July 29, 2013 at 5:13 pm

birender singh mainന്യൂഡല്‍ഹി: നൂറ് കോടി രൂപ കൊടുത്താല്‍ രാജ്യസഭാ സീറ്റ് ലഭിക്കുമെന്നും കോണ്‍ഗ്രസ് രാജ്യസഭയിലെ പല അംഗങ്ങളും നൂറ് കോടി കൊടുത്താണ് സീറ്റ് തരപ്പെടുത്തിയതെന്നുമുള്ള കോണ്‍ഗ്രസ് എം പിയുടെ പരാമര്‍ശങ്ങള്‍ വിവാദമായി. ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ബീരേന്ദ്ര സിംഗ് ആണ് വിവാദ പരാമര്‍ശം നടത്തിയത്. തനിക്ക് രാജ്യസഭയില്‍ സീറ്റ് ലഭിക്കാന്‍ നൂറ് കോടി രൂപയാണ് ആവശ്യപ്പെട്ടിരന്നതെന്നും എന്നാല്‍ 80 കോടി രൂപകൊടുത്താണ് താന്‍ സീറ്റ് തരപ്പെടുത്തിയതെന്ന് ഒരാള്‍ തന്നോട് പറഞ്ഞെന്നാണ് ബീരേന്ദ്ര സിംഗ് പറഞ്ഞത്. ഇത്തരക്കാര്‍ രാജ്യസഭയിലെത്തിയാല്‍ അതുകൊണ്ട് പാവങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിശദീകരണവുമായി രംഗത്ത് വന്ന ബീരേന്ദര്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പണം വലിയ ഘടകമായെന്നും ഇതോടെ കോര്‍പ്പറേറ്റ് എം പിമാരാണ് രാജ്യസഭയിലെത്തുന്നതെന്നുമാണ് താന്‍ പറഞ്ഞതെന്നാണ് ബീരേന്ദ്ര സിംഗിന്റെ വിശദീകരണം.

കോണ്‍ഗ്രസ് എം.പിയുടെ പ്രസംഗത്തോട് രൂക്ഷമായ ഭാഷയിലാണ് ബി ജെ പി പ്രതികരിച്ചത്. രാഷ്ട്രീയത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് താഴ്ത്തിക്കെട്ടുകയാണ് ഈ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് എം പി ചെയ്തതെന്നാണ് ബി ജെ പി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു ബീരേന്ദ്ര സിംഗ്. ഒടുവില്‍ നടന്ന എ ഐ സി സി പുനഃസംഘടനയില്‍ ബീരേന്ദ്ര സിംഗിന് ഈ സ്ഥാനം നഷ്ടമായിരുന്നു. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസഭയിലെത്താന്‍ സാധ്യതയുള്ള നേതാവായിട്ടാണ് ബീരേന്ദ്ര സിംഗിനെ കണക്കാക്കിയിരുന്നത്.