Connect with us

Kozhikode

ലഹരിക്കെതിരെ രക്ഷാകവചം തീര്‍ത്ത് കീഴരിയൂര്‍ ഗ്രാമം

Published

|

Last Updated

കൊയിലാണ്ടി: ഒരു ഗ്രാമം മുഴുവന്‍ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കീഴരിയൂര്‍ പഞ്ചായത്തില്‍ “ലഹരിമുക്തഗ്രാമം, സംതൃപ്ത കുടുംബം” എന്ന സന്ദേശമുയര്‍ത്തി “രക്ഷ” പദ്ധതി തയ്യാറാവുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കമായി. രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും യുവജനങ്ങളും ചേര്‍ന്ന് രൂപംനല്‍കിയ ലഹരിവിരുദ്ധ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള റിസോഴ്‌സ് ഗ്രൂപ്പ് ശില്‍പ്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലക്ഷ്മിബായ് അധ്യക്ഷത വഹിച്ചു.
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ വിജയത്തിനായി വാര്‍ഡ് തല ജാഗ്രതാ സമിതി രൂപവത്കരണം, അയല്‍കൂട്ടതല സംഘാടക സമിതി രൂപവ്തകരണം, സന്ദേശ പ്രചാരണ കലാജാഥ, ഏകദിന ഉപവാസം, ലഹരി വിരുദ്ധക്ലബ് രൂപവത്കരണം, ഡോക്യുമെന്ററി പ്രദര്‍ശനം, ക്യാമ്പ്- സെമിനാറുകള്‍, മനുഷ്യച്ചങ്ങല, ലഹരിവിരുദ്ധ പ്രതിജ്ഞ, മദ്യമുക്ത ആഘോഷ പരിപാടികള്‍, വാറ്റ് വില്‍പ്പനക്കാര്‍ക്കെതിരെ നടപടി, ലഹരി വിമോചന ചികിത്സ, ആല്‍ക്കഹോളിക് അനോറിമസ് രൂപവത്കരണം, ലഹരിമുക്ത പ്രഖ്യാപനം എന്നീ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗൃഹസന്ദര്‍ശന പിരിവ്, പ്രവാസി സംഘടനകളില്‍ നിന്നുള്ള സംഭാവന, പഞ്ചായത്ത് വക ഫണ്ട്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള ധനസഹായം എന്നീ മാര്‍ഗങ്ങളിലൂടെ ധനം സമാഹരിക്കും.

Latest