Connect with us

Kozhikode

കുഴികള്‍ നിറഞ്ഞ് വടകര ബസ് സ്റ്റാന്‍ഡ്

Published

|

Last Updated

വടകര: നിലത്ത് പാകിയ സ്ലാബുകള്‍ പൊട്ടിയും അമര്‍ന്നും വടകര ബസ് സ്റ്റാന്‍ഡില്‍ ദുരിതം. സ്റ്റാന്‍ഡ് മുഴുവന്‍ വന്‍കുഴികള്‍ രൂപപ്പെട്ട് വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ ബസുകള്‍ കുഴിയില്‍ ചാടുന്നത് പതിവായി. കാല്‍നടക്കാരും ഏറെ പ്രയാസപ്പെടുന്നുണ്ട്.
എടോടി-ബൈപ്പാസ് റോഡില്‍ നിന്ന് ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്ന ഭാഗത്ത് വന്‍കുഴിയാണ്. വിവിധ സന്നദ്ധ സംഘടനകളും ബസ് ഓണേഴ്‌സ് അസോസിയേഷനും പല തവണ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അധികൃതരുടെ കണ്ണ് തുറന്നില്ല.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെള്ളക്കെട്ടില്‍ പ്രതീകാത്മകമായി കടലാസുതോണിയിറക്കുകയും ചൂണ്ടയിടുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടെ കുറച്ച് പാറപ്പൊടി ഇറക്കിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പാറപ്പൊടി വിതറി ചെളി ഒഴിവാക്കാന്‍ ശ്രമം നടന്നില്ല. ഈ നില തുടര്‍ന്നാല്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റില്ലെന്ന് ഉടമ സംഘം പറഞ്ഞു.