എനിക്ക് ഡോക്ടര്‍മാര്‍ ‘ദയാവധം’ വിധിച്ചിരുന്നു: സ്റ്റീഫന്‍ ഹോക്കിംഗ്‌

Posted on: July 29, 2013 9:45 am | Last updated: July 29, 2013 at 9:45 am

Stephen_Hawking_Wideലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് 1985ല്‍ മരണത്തിന്റെ വക്കിലെത്തിയതായും ജീവന്‍ നിലനിര്‍ത്തുന്ന യന്ത്ര സംവിധാനം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട്. 1985ല്‍ തന്റെ ഏറ്റവും പ്രസിദ്ധമായ പുസ്തകം ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എഴുതുന്ന കാലത്താണ് ഹോക്കിംഗ് മരണത്തെ മുഖാമുഖം കണ്ടതെന്ന് പുതിയതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയില്‍ അദ്ദേഹം പറയുന്നു. ജീവന്‍ രക്ഷാ ഉപകരണത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താമെന്ന് ഡോക്ടര്‍മാര്‍ വാഗ്ദാനം ചെയ്തതായി 71കാരനായ ഹോക്കിംഗ് വെളിപ്പെടുത്തി.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍വെച്ച് നെഞ്ചില്‍ അണുബാധ വരികയും അത് പീന്നീട് ന്യൂമോണിയയായി മാറുകയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യയോട് ഡോക്ടര്‍മാര്‍ ‘ദയാവധം’ വാഗ്ദാനം ചെയ്തത്. ഇക്കാലത്ത് ഹോക്കിംഗ് ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈമി’ന്റെ പണിപ്പുരയിലായിരുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മരുന്നുകള്‍ക്ക് അടിമപ്പെട്ട് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുമ്പോഴാണ് ഭാര്യ ജെയിനിനോട് ഉപകരണം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി തന്നെ ദയാവധത്തിന് വിധേയനാക്കാം എന്ന് ഡോക്ടര്‍മാര്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് ഹോക്കിംഗ് പറഞ്ഞു.
എന്നാല്‍ ഭാര്യ അതിന് വിസമ്മതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭാശാലിയായ ഈ ശാസ്ത്രജ്ഞന്‍ അഞ്ച് പതിറ്റാണ്ടായി മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖത്തിന്റെ പിടിയിലാണ്. ഈ അസുഖം ബാധിച്ചവര്‍ സാധാരണഗതിയില്‍ അഞ്ച് വര്‍ഷത്തിലധികം ജീവിക്കാറില്ലെ. ഹോക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ ഇദ്ദേഹത്തിന്റെ ജീവന്‍ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണെന്നും പറയുന്നു. ഹോക്കിംഗിനെ ആദ്യമായി കണ്ടതും തങ്ങളുടെ ദാമ്പത്യം വഴിപിരിഞ്ഞതും ജെയിന്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നുണ്ട്. രോഗത്താല്‍ ശരീരം അനക്കാനാവാത്ത ഹോക്കിംഗ് അമ്പത് വര്‍ഷക്കാലമായി വീല്‍ ചെയറിലാണ് കഴിയുന്നത്. വോയിസ് സിന്തസൈസര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ പ്രതിഭ സംസാരിക്കുന്നത്.