Connect with us

International

കുവൈത്ത് തിരഞ്ഞെടുപ്പ്; ലിബറല്‍ വിഭാഗത്തിന് മുന്നേറ്റം

Published

|

Last Updated

കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ട് മാസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ വിഭാഗത്തിന് ജയമെന്ന് റിപ്പോര്‍ട്ട്. ശിയാ ന്യൂനപക്ഷത്തിന് പകുതിയിലേറെ സീറ്റുകള്‍ നഷ്ടമായതായി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലുണ്ട്.
അമ്പതംഗ പാര്‍ലിമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ ജയിക്കാനേ ശിയാ വിഭാഗത്തിനായുള്ളൂവെന്ന് ജുഡീഷ്യല്‍ അധികൃതര്‍ പുറത്തുവിട്ട അന്തിമ ഫലപ്രഖ്യാപനത്തിലുണ്ട്. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശിയാ വിഭാഗം 17 സീറ്റുകളില്‍ വിജയിച്ചിരുന്നുവെങ്കിലും കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. കുവൈത്ത് ജനതയില്‍ 30 ശതമാനം പേര്‍ ശിയാ വിഭാഗത്തില്‍പ്പെട്ടവരാണ്.
ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 40 ശതമാനമായിരുന്നു വോട്ടിംഗ് എങ്കില്‍ ഇത്തവണ അത് 52.5 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ചില ഗ്രൂപ്പുകള്‍ ഈ തിരഞ്ഞെടുപ്പില്‍ പങ്കാളികളായതാണ് വോട്ടിംഗ് ശതമാനം ഉയരാന്‍ കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റുകളൊന്നുമില്ലാതിരുന്ന ലിബറല്‍ വിഭാഗം മൂന്ന് തവണ മാത്രമാണ് ഇതുവരെ വിജയിച്ചത്.
സുന്നി വിഭാഗം അഞ്ചില്‍നിന്നും ഏഴ് സീറ്റുകളുമായി വിജയിച്ച് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്ന് വനിതാ സ്ഥാനാര്‍ഥികള്‍ വിജയിച്ചെങ്കില്‍ ഇത്തവണ അത് രണ്ടായി ചുരുങ്ങി. വിജയികളില്‍ 26 പേര്‍ പുതുമുഖങ്ങളാണെന്നത് കുവൈത്ത് ജനത മാറ്റത്തിന്റെ പാതയിലാണെന്ന് തെളിയിക്കുന്നു.