പരപ്പനങ്ങാടിയില്‍ റെയില്‍വേ അണ്ടര്‍ സബ്‌വേ യാഥാര്‍ഥ്യമാകുന്നു

Posted on: July 29, 2013 8:33 am | Last updated: July 29, 2013 at 8:33 am

പരപ്പനങ്ങാടി: ടൗണിലെ റെയില്‍വേ ഗെയ്റ്റ് അടച്ചതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി രണ്ട് കോടി രൂപ ചെലവില്‍ സബ്‌വെ നിര്‍മിക്കുന്നു.
ഇതിന്റെ മുന്നോടിയായി നടന്ന അവലോകന യോഗം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അധ്യക്ഷത വഹിച്ചു. മൂന്ന് മീറ്റര്‍ വീതിയും 2.25 മീറ്റര്‍ ഉയരത്തിലും അപ്രോച്ച് റോഡ് അടക്കം 90 മീറ്റര്‍ നീളത്തിലാണ് സബ്‌വേ നിര്‍മിക്കുന്നത്. പുറത്തേക്ക് റൂഫും നിര്‍മിക്കും. എട്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊത്തം സംഖ്യയില്‍ ഒരു കോടി രൂപ റെയില്‍വെയും ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാറും വഹിക്കും.
റെയില്‍വേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് വിശദീകരണം നടത്തി. റെയില്‍വെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുധാകര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് ജമാല്‍ പ്രസം ഗിച്ചു.