മാനദണ്ഡങ്ങള്‍ പാലിക്കാതെ ആലത്തൂരില്‍ നിരവധി കെട്ടിടങ്ങള്‍ ഉയരുന്നു

Posted on: July 29, 2013 8:00 am | Last updated: July 29, 2013 at 8:00 am

ആലത്തൂര്‍: നഗരത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി നിരവധി കെട്ടിടങ്ങള്‍ ഉയരുന്നു.
പത്തോളം കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. കോടികള്‍ ചെലവഴിച്ചാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയകള്‍ അനധികൃത കെട്ടിടം നിര്‍മിക്കുന്നത്. കേരളാ കെട്ടിട നിര്‍മാണചട്ടങ്ങളൊന്നും പാലിക്കാതെയാണ് പ്രവര്‍ത്തി. നഗരത്തിലും ചെറുപുഷ്പത്തിന് സമീപത്തും മംഗലത്തുമാണ് അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണം പ്രധാനമായും നടക്കുന്നത്.
ചെറുകിട കെട്ടിടങ്ങള്‍ക്ക് നിലവിലുള്ള അതിര്‍ത്തിയില്‍ നിന്നും മൂന്ന് അടിയും വന്‍കിട കെട്ടിടങ്ങള്‍ക്ക് പത്ത് അടിയും വിട്ട് വേണം നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാന്‍. എന്നാല്‍ ഇത്‌വരെ നിര്‍മിച്ച കെട്ടിടങ്ങള്‍ ഇതൊന്നും പാലിച്ചിട്ടില്ല.
അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണംമൂലം മലിനജലവും മഴവെള്ളവും ഒഴുകാന്‍ കഴിയാതെ തളം കെട്ടി നില്‍ക്കുകയും സംസ്ഥാന പാതയില്‍ വന്‍ഗര്‍ത്തങ്ങള്‍ വരെ രൂപപ്പെട്ടിട്ടുമുണ്ട്. ഡ്രൈനേജുകള്‍ പോലുമില്ലാതെയാണ് പല കെട്ടിടങ്ങളുടെയും നിര്‍മാണം. ജെ സി ബി ഉപയോഗിച്ച് 20 അടിയോളം മണ്ണ്‌നീക്കം ചെയ്യുന്നത് മൂലം പരിസ്ഥിതിക പ്രശ്‌നത്തിന് പുറമെ സമീപത്തെ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
ഭരണ സമിതി അറിയാതെയാണ് സെക്രട്ടറിയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. വ്യാപകമായ കൃത്യവിലോപവും അഴിമതിയാരോപണങ്ങളും ഉയര്‍ന്നിട്ടും പഞ്ചായത്ത് ഭരണസമിതിയോ പ്രതിപക്ഷമോ ഇതൊന്നും അറിയാത്ത നിലപാടാണ് സ്വീകരിക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.