സൂപ്പര്‍ ബൊറൂസിയ

Posted on: July 29, 2013 7:55 am | Last updated: July 29, 2013 at 7:55 am

borussiaഡോട്മുണ്ട്: ബയേണ്‍ മ്യൂണിക്കിന്റെ തുടര്‍ വിജയങ്ങള്‍ക്ക് വിരാമമിട്ട് ബൊറൂസിയ ഡോട്മുണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടി. ഒപ്പം ജര്‍മന്‍ സൂപ്പര്‍ കപ്പും അവര്‍ സ്വന്തം നാട്ടുകാര്‍ക്ക് മുമ്പില്‍ സ്വന്തമാക്കി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാവേറിയന്‍സിനെ സ്വന്തം മൈതാനത്ത് ബൊറൂസിയ വീഴ്ത്തിയത്. ബുണ്ടസ് ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും ബയേണിന് പിന്നില്‍ രണ്ടാം സ്ഥാനത്തായ ബൊറൂസിയ സൂപ്പര്‍ കപ്പ് പൊരുതി നേടുകയായിരുന്നു. മാര്‍കോ റൂസിന്റെ ഇരട്ട ഗോള്‍ മികവും ബയേണ്‍ ഗോളി ടോം സ്റ്റാര്‍ക്കിന്റെ അബദ്ധവും ബയേണ്‍ താരം ഡാനിയല്‍ വാന്‍ ബാറ്റണ്‍ ദാനമായി നല്‍കിയ സെല്‍ഫ് ഗോളും ബൊറൂസിയയുടെ പ്രയാണം എളുപ്പമാക്കി. ശേഷിച്ച ഒരു ഗോള്‍ ഇല്‍ക്കെ ഗുണ്ടകന്റെ വകയായിരുന്നു. ബയേണിന് ആര്യന്‍ റോബന്റെ വകയുള്ള ഇരട്ട ഗോളുകളായിരുന്നു ആശ്വാസം നല്‍കിയത്. ഇരു ടീമുകളും കൂടി അടിച്ചെടുത്ത ആറ് ഗോളുകളില്‍ അഞ്ചും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.
കളി തുടങ്ങി ആറാം മിനുട്ടില്‍ തന്നെ വല ചലിപ്പിച്ച് ബൊറൂസിയ തങ്ങളുടെ നയം വ്യക്തമാക്കി. മാര്‍ക്കോ റൂസിന്റെ ഹെഡ്ഡറാണ് ഗോളില്‍ കലാശിച്ചത്. അനായാസം തടയാമായിരുന്ന പന്തിനെ ലാഘവത്തോടെ നേരിട്ട ബയേണ്‍ ഗോളി ടോം സ്റ്റാക്കിന്റെ അബദ്ധം ബൊറൂസിയക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് ബയേണ്‍ പതിയെ മുക്തമായി. ആര്യന്‍ റോബന്‍, തിയഗോ അല്‍കന്റാറ, മരിയോ മാന്‍ഡുകിച്ച് എന്നിവര്‍ ബൊറൂസിയന്‍ പ്രതിരോധത്തെ പരീക്ഷിച്ചു.
രണ്ടാം പകുതി തുടങ്ങി 54ാം മിനുട്ടില്‍ ബയേണ്‍ സമനില പിടിച്ചു. ഫിലിപ്പ് ലാമിന്റെ ക്രോസില്‍ നിന്ന് ആര്യന്‍ റോബന്‍ ഹെഡ്ഡറിലൂടെ വല ചലിപ്പിക്കുകയായിരുന്നു. എന്നാല്‍ ബയേണിന്റെ ആഹ്ലാദത്തിന് രണ്ട് മിനുട്ട് ആയുസ്സേ ഉണ്ടായിരുന്നുള്ളു. അപകടരമായി ബോക്‌സിലേക്ക് കടന്ന പന്ത് തിരിച്ചു വിടാന്‍ ഹെഡ്ഡ് ചെയ്ത ബയേണ്‍ പ്രതിരോധക്കാരന്‍ ഡാനിയല്‍ വാന്‍ ബാറ്റണിന്റെ ശ്രമം പരാജയപ്പെട്ടു. പന്ത് നേരെ ബയേണ്‍ പോസ്റ്റിലേക്ക് വീഴുമ്പോള്‍ ഗോളി സ്റ്റാര്‍ക്ക് നിസ്സഹായനായിരുന്നു. തൊട്ടടുത്ത മിനുട്ടില്‍ ബൊറൂസിയ വീണ്ടും കരുത്തു കാട്ടി. ഇല്‍ക്കെ ഗുണ്ടകന്‍ തൊടുത്ത ഷോട്ട് വലയുടെ മൂലയില്‍ വിശ്രമിച്ചു. 64ല്‍ റോബന്‍ ഒരിക്കല്‍ കൂടി ബയേണിന്റെ രക്ഷക്കെത്തി. ഫിലിപ്പ് ലാമിന്റെ പാസില്‍ നിന്നാണ് ഈ ഗോളും പിറന്നത്. ഈ പത്ത് മിനുട്ടിനിടയില്‍ നാല് ഗോളുകളായിരുന്നു ഇരുപക്ഷവും നേടിയത്.
3-2 എന്ന നിലയില്‍ കളി അവസാനത്തേക്ക് അടുക്കുമ്പോള്‍ സമനില സ്വന്തമാക്കാന്‍ ബയേണ്‍ കണഞ്ഞു പരിശ്രമിച്ചു. തോമസ് മുള്ളര്‍ ഗോളിനടുത്തെത്തിയെങ്കിലും അത് പാഴായി.
മറുവശത്ത് 86ാം മിനുട്ടില്‍ റൂസ് ബൊറൂസിയയുടെ നാലാം ഗോളും വിജയവും ഉറപ്പാക്കി. ലവന്‍ഡോസ്‌കി, ഔബാംയംഗ് എന്നിവരുടെ മുന്നേറ്റത്തിനൊടുവിലായിരുന്നു ഈ ഗോളിന്റെ പിറവി.