എം ബി എ പഠനത്തിന് ആളില്ല

Posted on: July 29, 2013 7:30 am | Last updated: July 29, 2013 at 7:30 am

MBAഅരീക്കോട്: സംസ്ഥാനത്ത് എം ബി എ പഠനത്തോട് താത്പര്യം കുറയുന്നു. ഈ വര്‍ഷം വളരെ കുറച്ചു പേര്‍ മാത്രമാണ് എം ബി എക്ക് പ്രവേശനം നേടിയത്. തൊഴില്‍ വിപണിയിലെ മാന്ദ്യം കാരണം പ്ലേസ്‌മെന്റ് കിട്ടാത്തതാണ് വിദ്യാര്‍ഥികളെ ഈ കോഴ്‌സില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന കോളജുകളില്‍ പോലും മുഴുവന്‍ സീറ്റുകളിലേക്കും അഡ്മിഷന്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല.
ഗ്രൂപ്പ് ചര്‍ച്ചകളും അഭിമുഖ പരീക്ഷയും നടത്തിയതിന് ശേഷമായിരുന്നു മുമ്പ് എം ബി എ സീറ്റുകളിലേക്ക് അഡ്മിഷന്‍ നല്‍കിയിരുന്നത്. എന്നാല്‍, സീറ്റുകള്‍ക്ക് ആനുപാതികമായി അപേക്ഷകരില്ലാത്തതിനാല്‍ ഇത്തരം പരീക്ഷകളും നടപടിക്രമങ്ങളും ഒഴിവാക്കിയാണ് പ്രവേശനം നടത്തുന്നത്. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തുടനീളമുള്ള എം ബി എ കോളജുകളുടെ സ്ഥിതിയും ഇതു തന്നെയാണ്.
ഈയിടെ ചേര്‍ന്ന നൂറ് എം ബി എ കോളജുകളുടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്ത ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ്‌സ് ഓഫ് അണ്‍ എയ്ഡഡ് പ്രൊഫഷനല്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഇന്ത്യ (എഫ് എ എം പി ഇ ഐ ) യോഗത്തില്‍ ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടത്തിയിരുന്നു. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എം ബി എ ആകര്‍ഷകമായ കോഴ്‌സായി തോന്നുന്നില്ല എന്നായിരുന്നു യോഗത്തിന്റെ കണ്ടെത്തല്‍. എ ഐ സി ടി ഇ അംഗീകരിച്ച 5,400 സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറ് സീറ്റുകളിലേക്ക് 2500 – 3000 അപേക്ഷകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 300 – 450 അപേക്ഷകരായി ചുരുങ്ങിയിട്ടുണ്ട്. ഇതിനകം ഒന്നാം ഘട്ട പ്രവേശന പ്രക്രിയ പൂര്‍ത്തിയാക്കഴിഞ്ഞപ്പോള്‍ മൂന്നില്‍ ഒന്ന് സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷന്‍ നടന്നിട്ടുള്ളൂ.