Connect with us

Gulf

രാജ്യം ശൈഖ് സായിദ് സ്മരണയില്‍

Published

|

Last Updated

അബുദാബി: രാജ്യം, രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍. യു എ ഇ രൂപവത്കരിച്ച ആ മഹാരഥന്റെ സ്മരണാര്‍ഥം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജീവകാരുണ്യദിനത്തിനു ഇന്നലെ ദുബൈയില്‍ തുടക്കമായി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലായിരുന്നു പരിപാടി.
കഴിഞ്ഞ വര്‍ഷം രാജ്യം 41-ാം ദേശീയദിനാഘോഷം നടത്തിയപ്പോള്‍ തന്നെ ശൈഖ് സായിദ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നതായി ഔദ്യോഗിക വക്താക്കള്‍ ഓര്‍മിപ്പിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍, കിരീടാവകാശികള്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശൈഖ് സായിദ് സ്മരണ പുതുക്കി.
ഞാന്‍ നിരവധി ലോക നേതാക്കളെ കണ്ടിട്ടുണ്ട്. എന്നാല്‍ ശൈഖ് സായിദിനെപ്പോലുള്ള ഔന്നത്യമുള്ള ഭരണാധികാരിയെ കണ്ടിട്ടില്ല. അദ്ദേഹം മനുഷ്യസ്‌നേഹിയും ഉദാരമനസ്‌കനുമായിരുന്നു-ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
ഇന്നാണ് ചരമദിനാചരണം. വിവിധ മന്ത്രാലയങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ഇന്ത്യന്‍ മീഡിയ അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ചു നടത്തിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അനുസ്മരണം ശ്രദ്ധേയമായി. യു എ ഇയിലെ നിരവധി കലാകാരന്മാര്‍ വരച്ച ശൈഖ് സായിദിന്റെ വ്യത്യസ്ഥ രൂപത്തിലുള്ള ചിത്രങ്ങളും ഓയില്‍ പെയിന്റിംഗും മണ്ണില്‍ വരച്ചതുമായ ചിത്രങ്ങളുടെയും അപൂര്‍വ ഫോട്ടോ പ്രദര്‍ശനവും നടന്നു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി എക്‌സിക്യൂട്ടീവ് ഓഫ് മിഷന്‍ ഓഫീസര്‍ നമൃതകുമാര്‍, പ്രശസ്ത ചിത്രകാരന്‍ ഖലീലുല്ല ചെംനാട് വരച്ച ശൈഖ് സായിദിന്റെ അനാട്ടമിക് കാലിഗ്രാഫ് ചിത്രം പ്രകാശനം ചെയ്തു നിര്‍വഹിച്ചു. യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ വൈ സുധീര്‍കുമാര്‍ ഷെട്ടി, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി ശൈഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തി.
രാഷ്ട്രപിതാവ് ശൈഖ് സായിദ്, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവരുടെ അനാട്ടമിക് കാലിഗ്രഫികളും ശ്രദ്ധേയമായി. ചിത്രകാരന്‍ ഖലീലുല്ല ചെംനാട് ആണു കാലിഗ്രാഫി ചിത്രങ്ങള്‍ ഒരുക്കിയത്.
ഏഴ് എമിറേറ്റിലെയും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള മണല്‍ത്തരികള്‍ കൊണ്ടുമാത്രം രൂപകല്‍പന ചെയ്ത ശൈഖ് സായിദിന്റെ ചിത്രങ്ങള്‍ രചിച്ച ഉദയ് റസല്‍പുരത്തിന്റെയും ഷീന ബിനോയ്,കുമാര്‍ ചടയമംഗലം, ഷിബു പ്രഭു, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ആമിന അഫ്‌റാഹ് തുടങ്ങിയവരുടെ ചിത്രങ്ങളും ശൈഖ് സായിദിന്റെ അത്യപൂര്‍വ ചിത്ര ശേഖരവുമാണു കാണികളെ ആകര്‍ഷിച്ചത്. പത്തുമാസത്തെ പ്രയത്‌നഫലമായി റിഷാദ് കെ അലി ഹാര്‍ഡ് ബോര്‍ഡില്‍ നിര്‍മിച്ച ശൈഖ് സായിദ് മസ്ജിദിന്റെ മാതൃകയും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ലുലു കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ നന്ദകുമാര്‍, യു എ ഇ എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ കെ കെ മൊയ്തീന്‍ കോയ, സെന്റര്‍ ജനറല്‍ സെക്രട്ടറി എ പി അബ്ദുര്‍റശീദ്, മീഡിയ ഫോറം പ്രസ് സെക്രട്ടറി അബ്ദുര്‍റഹ്മാന്‍, ജോണി ഫൈന്‍ ആര്‍ട്‌സ്, മുനീര്‍ പാണ്ട്യാല, സിബി കടവില്‍, ആഗിന്‍ കിഴിപ്പുറം, മന കല്ലറ, അഫ്‌സല്‍ അഹ്മദ് സംബന്ധിച്ചു.