എം ഗവണ്‍മെന്റ്: ദുബൈയില്‍ നിയമാവലി പുറത്തിറക്കി

Posted on: July 28, 2013 8:28 pm | Last updated: July 28, 2013 at 8:29 pm

m governmantഅബുദാബി: സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കുന്ന എം-ഗവണ്‍മെന്റ് പദ്ധതിയുടെ ആദ്യ നിയമാവലി പുറത്തിറക്കിയതായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എം-ഗവണ്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ ചര്‍ച്ചയ്ക്കു വച്ച ശേഷം അന്തിമ നിയമാവലി പുറത്തിറക്കാനാണു തീരുമാനം. മൊബൈല്‍ ഗവണ്‍മെന്റ് (എം-ഗവണ്‍മെന്റ്) പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ആവിഷ്‌കരിച്ചത്. സ്മാര്‍ട്ട് ഫോണുകളിലൂടെ യുഎഇയില്‍ എവിടെയും 24 മണിക്കൂറും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്ന് ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗാനിം പറഞ്ഞു. നിയമാവലികളുടെ ഭാഗമായി എം-ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിഷന്‍ മേധാവിയും ട്രാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ ഒബൈദ് അല്‍ മന്‍സൂരിയുടെ നേതൃത്വത്തില്‍ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളുടെ പ്രതിനിധികളും വകുപ്പുകളുമായി ചര്‍ച്ച നടത്തിയിരുന്നു.