മസ്‌ക്കത്തില്‍ കടലില്‍ ജലനിരപ്പുയര്‍ന്നത് ഭീതി സൃഷ്ടിച്ചു

Posted on: July 28, 2013 8:18 pm | Last updated: July 28, 2013 at 8:18 pm

muscatcoast_428x269_to_468x312മസ്‌കത്ത്: ഇന്നലെ മസ്‌കത്ത് തീരത്ത് കടലില്‍ ജലനിരപ്പുയര്‍ന്നത് ഭീതി സൃഷ്ടിച്ചു. മത്ര കോര്‍ണിഷില്‍ ഒന്നര മീറ്ററോളം ജലനിരപ്പുയര്‍ന്നു. വെള്ളം ഉയര്‍ന്ന് മതില്‍ കെട്ടിനു പുറത്തേക്ക് തിരയുയര്‍ന്നു. എന്നാല്‍ രാത്രിയായപ്പോഴേക്കും വെള്ളം ഉള്‍വലിഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ജലനിരപ്പുയര്‍ന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളിലും ഒന്നു മുതല്‍ രണ്ടു മീറ്റര്‍ വരെ ജലം ഉയരുവാനും തിരയിളക്കം ശക്തിപ്പടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ബുള്ളറ്റിന്‍ മുന്നറിയിപ്പു നല്‍കി. ചിലയിടങ്ങളില്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാം. കടലില്‍ പോകുന്നവരും തീരദേശങ്ങളില്‍ വസിക്കുന്നവരും കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണമെന്നും ബുള്ളറ്റിന്‍ പറയുന്നു. എന്നാല്‍ ഇത് ആശങ്കപ്പെടാനില്ലെന്നും സ്വാഭാവികമായ കാലാവസ്ഥാ പ്രതിഭാസം മാത്രമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ക്കാറ്റ് സാമാന്യം ശക്തിപ്പെട്ടിരുന്നു. ഇതാണ് കടല്‍ വെള്ളത്തിനു മാറ്റം വരുത്താനിയടാക്കിയത്. കടല്‍ക്കാറ്റ് കരയിലേക്ക് വീശിയത് ചൂട് കുറയുന്നതിനും കാരണമായി. ഗോണു ചുഴലിക്കാറ്റ് കടലെടുക്കപ്പെട്ട തീരമാണ് മത്രയിലേത്. മത്രയിലെ കോര്‍ണിഷും സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി ഒരുക്കിയ സംവിധാനങ്ങളുമെല്ലാം കരയിലേക്ക് അടിച്ചു കയറിയ തിരയില്‍ നാശമായിരുന്നു. കെട്ടിടങ്ങള്‍ക്കും ബോട്ടുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ വരുത്തി. ഇന്നലെ കടല്‍ വെള്ളം ഉയര്‍ന്നപ്പോഴും ആളുകളില്‍ ചിലര്‍ ചുഴലിക്കാറ്റ് റിപ്പോര്‍ട്ടുകളുണ്ടോ എന്ന് അന്വേഷിച്ചു. ഇതു സംബന്ധിച്ച് ഊഹങ്ങളും പ്രചരിച്ചു. ഗോണു ചുഴലിക്കാറ്റിനു ശേഷം ഒമാനില്‍ ഇടക്കിടെ വ്യാജ ചുഴലിക്കാറ്റ് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ ശക്തിപ്പെട്ടതാണ് ഇതിന്റെ പ്രധാനകാരാണം.
അതേസമയം മസ്‌കത്ത് നഗരത്തില്‍ ഇന്നലെയും ചൂട് കുറവായിരുന്നു. ജൂലൈ മാസത്തില്‍ പൊതുവേ ചൂട് കൂടാറുണ്ടെങ്കിലും ഇത്തവണ താപനില ഉയര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഉള്‍ പ്രദേശങ്ങളായ ഇബ്രി, നിസ്‌വ, ജലാന്‍ ബുറൈമി, ഫഹൂദ്, റുസ്താഖ്, സമാഈല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചൂട് കനത്തിട്ടുണ്ട്. ഇന്നലെ നിസ്‌വയില്‍ ഉയര്‍ന്ന ചൂട് 48 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ മസ്‌കത്തിലേത് 35 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. കുറഞ്ഞ ചൂട് 29ഉം. സീബ്, കസബ്, സൊഹാര്‍, സുവൈഖ് എന്നിവിടങ്ങളിലും ഏതാണ്ട് ഇതേ താപനിലയായിരുന്നു. എന്നാല്‍ മദ്ഹ, ബുറൈമി, ഇബ്ര, ഫഹൂദ്, നിസ്‌വ എന്നിവിടങ്ങളില്‍ 45നോടടുത്തായിരുന്നു ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. അന്തരീക്ഷ ഈര്‍പ്പവും മസ്‌കത്ത് നഗര പ്രദേശത്ത് കുറവായിരുന്നു.