കെ. മുരളീധരനെതിരെ എം.എം ഹസനും കെ സി ജോസഫും

Posted on: July 28, 2013 12:07 pm | Last updated: July 28, 2013 at 12:07 pm

MM HASANകൊല്ലം: മാധ്യമങ്ങളെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ കെ. മുരളീധരനെതിരെ കെ പി സി സി വൈ പ്രസിഡന്റ് എം.എം ഹസനും മന്ത്രി കെ സി ജോസഫും രംഗത്ത്. പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ കെ പി സി സി പ്രസിഡന്റും വക്താക്കളും ഉണ്ടെന്നും അത് കെ. മുരളീധരന്‍ പറയേണ്ടെന്നും ഹസന്‍ പറഞ്ഞു. കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.

മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമാണെന്നും മുരളി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഹസന്‍ പറഞ്ഞു. പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കമാന്റ് നിര്‍ദേശം എല്ലാവര്‍ക്കും ബാധകമാണെന്ന് കെ സി ജോസഫ് പ്രതികരിച്ചു.

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതല്ല കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് പറഞ്ഞ് കെ. മുരളീധരന്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഹസന്റെയും കെ സി ജോസഫിന്റേയും വിമര്‍ശനങ്ങള്‍.