Connect with us

Malappuram

ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി

Published

|

Last Updated

മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.
കെ എന്‍ എ ഖാദര്‍ എം എല്‍ എയാണ് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. വൈദ്യുതി വകുപ്പിലെ 115 ലൈന്‍മാന്മാരുടെ സ്ഥലമാറ്റം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് വിവിധ ഓഫീസുകളില്‍ നിന്നും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറിപ്പോകുന്നവര്‍ക്ക് പകരം ജില്ലയില്‍ പകരക്കാരെ നിയമിക്കാതിരിക്കുകയോ നിയമിച്ചവര്‍ തന്നെ യഥാസമയം ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യാത്ത അവസ്ഥ യോഗം ചര്‍ച്ച ചെയ്തത്. പ്രധാനപ്പെട്ട വകുപ്പുകളില്‍ ജീവനക്കാരില്ലാതിരിക്കുന്നത് പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും എം എല്‍ എമാരുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ആവശ്യപ്പെട്ടത്. രാഷ്ട്രീയ ഗ്രാമീണ വൈദ്യുതി യോജനയിലുള്‍പ്പെടുത്തി നിലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കാനുള്ള പ്രവൃത്തി കെ എസ് ഇ ബി ഏറ്റെടുത്തതായും ഓഗസ്റ്റ് ഒന്ന് മുതല്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. ബി പി എല്‍ കണക്ഷനുകള്‍ക്ക് മുന്‍ഗണന നല്‍കിയാകും പദ്ധതി നടപ്പാക്കുക.
വിവിധ പ്രദേശങ്ങളില്‍ അപകട സാധ്യതയുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ച് മാറ്റേണ്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് തഹസില്‍ദാരെ ബന്ധപ്പെടാമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യുനാനി ഡോക്ടര്‍മാരുടെ പി എസ് സി ലിസ്റ്റ് നിലവിലുള്ള സാഹചര്യത്തില്‍ ജില്ലയില്‍ യുനാനി ഡിസ്‌പെന്‍സറി അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ 2013-14 ല്‍ 12 സ്‌കൂളുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തി പുതിയ പ്രപ്പോസല്‍ നല്‍കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. താനൂരില്‍ പണ്ടാരം, ഒസാന്‍ കടപ്പുറം എന്നിവിടങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ ഉടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്നും താനൂര്‍ കുടിവെള്ള പദ്ധതിയില്‍ കേരള വാട്ടര്‍ അതോറിറ്റി എടപ്പാള്‍ ഡിവിഷനേയും കൂടി ഉള്‍പ്പെടുത്തി നടപ്പാക്കണമെന്നും അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest