Connect with us

Kozhikode

കാലവര്‍ഷം: 'ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കണം'

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ കനത്തമഴയിലും കടല്‍ക്ഷോഭത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായവും സൗജന്യ റേഷനും അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. വീടുകള്‍ തകര്‍ന്നവരെ പുനരധിവസിപ്പിക്കുക, കൃഷിനാശമുണ്ടായവര്‍ക്ക് ദുരിതാശ്വാസം നല്‍കുക, തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാന്‍ ഫണ്ട് ലഭ്യമാക്കുക, കടല്‍ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കൊയിലാണ്ടിയില്‍ റെയില്‍വേ മേല്‍പ്പാലം വന്നതോടെ ഉണ്ടായ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫൂട്ട് ഓവര്‍ബ്രിഡ്‌ജോ അണ്ടര്‍ ഗ്രൗണ്ട് പാത്ത്‌വേയോ നിര്‍മിക്കണമെന്ന് കെ ദാസന്‍ എം എല്‍ എ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ ട്രെയിന്‍തട്ടി മരിക്കാനിടയായത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയപാതാ വികസനം 30 മീറ്ററില്‍ ഒതുക്കാമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ വെളിച്ചത്തില്‍ സ്ഥലം വിട്ടുനല്‍കേണ്ടിവരുന്നവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും മറ്റുമായി സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂരാട്, കോരപ്പുഴ പാലങ്ങളുടെ ബലക്ഷയം പരിഹരിക്കുന്നതിന് എടുത്ത നടപടികള്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വകുപ്പുകളും നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചു.
എം എല്‍ എമാരായ ഇ കെ വിജയന്‍, പി ടി എ റഹീം, സി മോയിന്‍കുട്ടി, കെ കെ ലതിക, കെ കുഞ്ഞമ്മദ് മാസ്റ്റര്‍, പുരുഷന്‍ കടലുണ്ടി, സി കെ നാണു, വി.എം ഉമ്മര്‍ മാസ്റ്റര്‍, എ ഡി എം കെ പി രമാദേവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എം രമേഷ്‌കുമാര്‍ സംബന്ധിച്ചു.