Connect with us

Kozhikode

കോണ്‍ഗ്രസിന് ശിഖണ്ഡിത്വം ബാധിച്ചു: പി കെ ശ്രീമതി

Published

|

Last Updated

കോഴിക്കോട്: കോണ്‍ഗ്രസിന് രാഷ്ട്രീയമായി തീരുമാനമെടുക്കാനാകാത്ത ശിഖണ്ഡിത്വം ബാധിച്ചതായി സി പി എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. എല്‍ ഡി എഫിന്റെ രാപകല്‍ സമരം നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ തെറ്റ് ചെയ്താല്‍ തിരുത്താനുള്ള ബാധ്യത രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിനാണ്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നാണക്കേടിന്റെ ചളിക്കുണ്ടിലായിട്ടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും തീരുമാനമെടുക്കാനാകാതെ രാഷ്ട്രീയമായി പാപ്പരായിട്ടുണ്ടെന്നും തെറ്റിനെതിരെ നില്‍ക്കാനുള്ള ഇച്ഛാശക്തി എ ഐ സി സി ക്കില്ലെന്നും ശ്രീമതി ആരോപിച്ചു.
എല്ലാ നിയമ വ്യവസ്ഥയേയും കാറ്റില്‍പ്പറത്തി നിര്‍ലജ്ജം അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. കോടതി പറഞ്ഞിട്ടുപോലും ഇറങ്ങിപ്പോകാന്‍ തയ്യാറാകുന്നില്ല. എല്‍ ഡി എഫിന്റെയും മാധ്യമങ്ങളുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു. ടി സി മാത്യു, ശ്രീധരന്‍ നായര്‍, കുരുവിള എന്നിവര്‍ക്കൊന്നും വിശ്വാസ്യതയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതി പറയുന്നവരെയെല്ലാം വിശ്വാസ്യതയില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. കോടികള്‍ എറിഞ്ഞ് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പി കെ ശ്രീമതി ആരോപിച്ചു.
സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മുന്‍ മേയര്‍ എം ഭാസ്‌കരന്‍, സി പി ഐ സംസ്ഥാന എക്‌സി അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, ജില്ലാ അസി.സെക്രട്ടറിമാരായ എ കെ ചന്ദ്രന്‍ മാസ്റ്റര്‍, എം നാരായണന്‍ മാസ്റ്റര്‍, ജില്ലാ എക്‌സി. അംഗം കെ ജി പങ്കജാക്ഷന്‍, എന്‍ സി പി ദേശീയ സമിതി അംഗം അഡ്വ എം പി സൂര്യനാരായണന്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി കെ പി രാജന്‍, മുന്‍ എം എല്‍ എ എന്‍ കെ രാധ, പി കെ പ്രേംനാഥ് എന്നിവര്‍ സംബന്ധിച്ചു. എല്‍ ഡി എഫ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ഇന്നലെ സമരം നടന്നത്. ഇന്ന് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം.

Latest