നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ശിശുമരണവും ഗര്‍ഭച്ഛിദ്ര നിരക്കും കൂടുന്നു

Posted on: July 28, 2013 7:18 am | Last updated: July 28, 2013 at 7:18 am

നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയിലെ ആദിവാസി കോളനികളിലെ ശൈശവ വിവാഹങ്ങള്‍ കൂടുന്നത് ശിശു മരണങ്ങള്‍ കൂടാനും ഗര്‍ഭച്ഛിദ്രങ്ങള്‍ വ്യാപകമാകാനും കാരണമാകുന്നതായി വിലയിരുത്തല്‍. ഇതു സംബന്ധിച്ച് ബോധവത്ക്കരണങ്ങളും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തനങ്ങളും വേണമെന്ന ആവശ്യം നടപ്പായില്ല.
പുറം ലോകവുമായി കൂടുതല്‍ ബന്ധമില്ലാത്ത വെറ്റിലക്കൊല്ലി പോലുള്ള ആദിവാസി ഊരുകളില്‍ വിവാഹത്തിന് പ്രത്യേക മാനദണ്ഡങ്ങളോ ആചാരങ്ങളോ ഇല്ല. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കിഷ്ടമുള്ളവരുടെ കൂടെ ജീവിക്കാന്‍ തുടങ്ങാറാണ് പതിവ്. പതിനൊന്ന് വയസ്സു മുതല്‍ പല കുട്ടികളും വിവാഹം കഴിക്കുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നുണ്ട്. പലതും ആരോഗ്യ സ്ഥിതി മോശമാകുന്നതിനാലും ഗര്‍ഭ സമയത്ത് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരിക്കുന്നതിനാലും ഗര്‍ഭച്ഛിദ്രത്തിലേക്കെത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം നവജാത ശിശു മരിച്ച മിനിക്ക് മുമ്പ് ഒരു തവണ ഗര്‍ഭച്ഛിദ്രമുണ്ടായതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ മിനിക്ക് പുറമെ സഹോദരിമാരായ അനിമോള്‍(15), സിനിമോള്‍(13),കോളനിയിലെ വലിയമാതിയുടെ മകള്‍ സുമ(15) അംബികയുടെ മകള്‍ അമ്പിളി(10), സമീപത്തെ പാലക്കയം കോളനിയിലെ സൗമ്യ(13), രേഷ്മ(14), വെണ്ണേക്കോട് കോളനിയിലെ അനിമോള്‍(17), ചിത്ര(15),സീമ(20) എന്നിവരെല്ലാം ശൈശവ വിവാഹിതരാണ്. ഇതില്‍ അമ്പിളിയെയും സിനിയെയും വിവാഹത്തിനുശേഷം വിവാഹങ്ങള്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിപ്പിച്ചിരിക്കയാണിപ്പോള്‍.