Connect with us

Malappuram

അപകടത്തിന് കാതോര്‍ത്ത് ചെള്ളിത്തോട് പാലം

Published

|

Last Updated

വണ്ടൂര്‍: തിരുവാലി ചെള്ളിത്തോട് പാലത്തിന് മുകളിലൂടെയുള്ള യാത്ര അപകട ഭീതിപരത്തുന്നു. അടിക്കടി വാഹനപാകടമുണ്ടാകുന്ന ഇവിടത്തെ പാലം തകര്‍ച്ചാഭീഷണി നേരിട്ടിട്ടും പുനര്‍ നിര്‍മാണം വൈകുകയാണ്.
കൈവരികള്‍ തകര്‍ന്നും വിള്ളല്‍ രൂപപ്പെട്ടും പാലം തകര്‍ച്ചയുടെ വക്കിലാണ്. 1996ലാണ് ചെള്ളിത്തോടിന് കുറുകെ പാലം നിര്‍മിച്ചത്. അറ്റകുറ്റ പ്രവൃത്തികള്‍ നടത്താത്തതിനാല്‍ പാലത്തിന്റെ ഭാഗങ്ങളില്‍ പലതും തകര്‍ന്ന നിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ടിപ്പര്‍ ലോറി ഇടിച്ച് ഒരു വശത്തെ ഭിത്തികളും തകര്‍ന്നിട്ടുണ്ട്.
താഴ്ഭാഗത്ത് വാര്‍പ്പിന്റെ കമ്പികളും കാണും വിധം സിമന്റ് അടര്‍ന്നുമാറി. സിമന്റ് ഭാഗങ്ങള്‍ അടര്‍ന്ന് തൂണുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ മധ്യഭാഗത്തായി റോഡില്‍ കാണാവുന്ന വിധത്തില്‍ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് പാലമുള്ളത്. കൊടുംവളവില്‍ സാധാരണയായി പാലങ്ങള്‍ നിര്‍മിക്കാറില്ല. എന്നാല്‍ ചെള്ളിത്തോട് പാലത്തിന് സമീപം വളവ് ആയതിനാല്‍ ഇവിടെ വാഹനാപകടം നടക്കാത്ത മാസങ്ങള്‍ കുറവാണ്. കഴിഞ്ഞ ആഴ്ച ജീപ്പ് ലോറിയാണ് പാലത്തിന് സമീപമുള്ള വയലിലേക്ക് മറിഞ്ഞത്. വാഹനാപകടങ്ങള്‍ വ്യാപകമായിട്ടും ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ല.
സൂചനാബോര്‍ഡുകളോ പാലത്തിന് സമീപം സ്ഥാപിക്കാറുള്ള കല്‍തൂണുകളോ ഇല്ല. ശോചനീയാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം മുഖ്യന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരനടപടിയുണ്ടായിട്ടില്ല. അതെസമയം പാലത്തിന്റെ നിര്‍മാണ ചെലവ് സംബന്ധിച്ച് പൊതുമരാമത്ത് വിഭാഗം 2.35 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഡിസൈന്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതിക്ക് കാത്തിരിക്കുകയാണെന്നും തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ജയദേവന്‍ പറഞ്ഞു,