Connect with us

Gulf

ഇസ്‌ലാം ധിഷണയുടെ ഉന്നത ഭാവം: ഫാറൂഖ് നഈമി

Published

|

Last Updated

ദുബൈ: കാലഭേദങ്ങളെ അതിജയിക്കുന്ന സമ്പൂര്‍ണ ധൈഷണിക ഭാവമാണ് ഇസ്‌ലാമിന്റേതെന്ന് എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ദുബൈയില്‍ പതിനേഴാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി ദുബൈ മര്‍കസില്‍ സംഘടിപ്പിച്ച പ്രഭാഷണം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രവാചക സന്ദേശത്തിന്റെ സൗന്ദര്യം” എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണം ശ്രവിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. ഫാറൂഖ് നഈമിയുടെ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ഇസ്‌ലാം സര്‍വതല സ്പര്‍ശിയും സമ്പൂര്‍ണവുമായ മതമാണ്. ഏകദൈവ ദര്‍ശനമായ ഇസ്‌ലാം മനുഷ്യോത്പത്തി മുതല്‍ ലോകാവസാനം വരെയുള്ള എല്ലാ കാലഘട്ടങ്ങള്‍ക്കും അനുയോജ്യവും പ്രായോഗികവുമായ നിയമസംഹിതയായാണ് തിരുനബി (സ) ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചത്. ആദം നബി (അ) മുതല്‍ ഒരു ലക്ഷത്തില്‍ പരം പ്രവാചക ശൃംഖലയിലൂടെ അല്ലാഹു അത് സൃഷ്ടികളിലെത്തിച്ചു. വേദഗ്രന്ഥങ്ങളിലൂടെ ഓരോ കാലഘട്ടത്തിനും സന്ദര്‍ഭത്തിനും അനുസരിച്ചുള്ള നിയമസംഹിതകള്‍ അല്ലാഹു ഇറക്കിയിരുന്നു. അവസാന വേദഗ്രന്ഥമായ ഖുര്‍ആന്റെ അവതരണ പൂര്‍ത്തീകരണത്തോടെ മതം സമ്പൂര്‍ണതയിലെത്തിച്ചേര്‍ന്നു. വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തി: “ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തെ ഞാന്‍ സമ്പൂര്‍ണമാക്കി. എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തു”.
അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ)യിലൂടെ അതാത് കാലഘട്ടത്തിന് അനുയോജ്യമാകത്തക്ക പാകത്തിലുള്ള വിശുദ്ധ ഗ്രന്ഥം സമ്പൂര്‍ണമായി ഇറക്കുകയും അത് അന്ത്യനാള്‍ വരെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലോകാന്ത്യം വരെയുള്ള സര്‍വ വിഷയങ്ങളും വസ്തുതകളും വ്യക്തമായോ വ്യംഗ്യമായോ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ അല്‍പജ്ഞാനം കൊണ്ട് അതിന് വ്യാഖ്യാനം നല്‍കുന്നതാണ് പലപ്പോഴും അപകടങ്ങള്‍ വരുത്തുന്നത്. പൂര്‍വസൂരികളുടെയും പണ്ഡിതരുടെയും വിശദീകരണത്തിലൂടെ ഖുര്‍ആനെ മനസിലാക്കാന്‍ നാം ശ്രമിക്കണം.
മനുഷ്യ മാഹാത്മ്യത്തിന്റെ സമ്പൂര്‍ണ രൂപമായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി (സ). അതിവിശിഷ്ടമായ വ്യക്തിത്വമാണ് അവിടുത്തേത്. ഒരു നേതാവിനു വേണ്ട ഏതൊക്കെ മഹിമ മൂല്യങ്ങളുണ്ടോ അതൊക്കെയും പൂര്‍ണാര്‍ഥത്തില്‍ മേളിച്ച മാസ്മരിക വ്യക്തിത്വമായിരുന്നു പ്രവാചകന്റേത്. പാരമ്പര്യത്തിലും വ്യക്തിത്വത്തിലും സമ്പൂര്‍ണതയുണ്ടായിരുന്നു റസൂലിന്. നന്മയുടെ പ്രചോദനം നേര്‍വഴിയുടെ പ്രകാശനവുമായി അവിടുന്ന് സമൂഹത്തിന് വഴി കാണിച്ചുകൊടുത്തു. സത്യത്തിലും നീതിയിലും അധിഷ്ഠിതമായ സമ്പൂര്‍ണ ജീവിത പദ്ധതി സമര്‍പ്പിച്ചുകൊണ്ടാണ് അവിടുന്ന് വിടവാങ്ങുന്നത്. ഹജ്ജത്തുല്‍ വദാഇല്‍ നടത്തിയ മനുഷ്യാവകാശ പ്രഖ്യാപനം ചരിത്രത്തില്‍ തുല്യതയില്ലാത്തതായിരുന്നു. മാനവിക വിമോചനത്തിന്റെ ഏക നിദാനമായ ഇസ്‌ലാമിനെ പൂര്‍ണാര്‍ഥത്തില്‍ മനുഷ്യതതികള്‍ക്ക് റസൂല്‍ (സ) സമര്‍പ്പിച്ചു.
നിര്‍മിത സാക്ഷ്യങ്ങളില്ലാതെ തന്നെ സ്‌നേഹിക്കപ്പെടാവുന്ന സ്‌നേഹ സാമ്രാജ്യം തീര്‍ത്ത നേതാവാണ് റസൂല്‍ (സ). സകല ജീവജാലങ്ങള്‍ക്കും കാരുണ്യത്തിന്റെ അന്യൂന വ്യക്തിത്വമായിരുന്നു അവിടുന്ന്.
പല ഗോത്രങ്ങളായി ഭിന്നിച്ചു നിന്ന അറേബ്യന്‍ ജനതയെ സ്‌നേഹത്തിന്റെ മാലയില്‍ കോര്‍ത്തിണക്കി ഏക ധ്രുവത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് റസൂല്‍ (സ) ആയിരുന്നു. മനുഷ്യര്‍ക്ക് മാത്രമായിരുന്നില്ല അവിടുത്തെ കനിവ് ലഭ്യമായിരുന്നത്. അല്ലാഹുവുമായി സന്ധിക്കാനുള്ള അതുല്യമായ ഭാഗ്യം ലഭിച്ചത് മുഹമ്മദ് നബി (സ)ക്കാണ്. മറ്റു പ്രവാചകന്മാര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യം. അനുയായികളോട് അപാരമായ കനിവ് പ്രകടിപ്പിക്കാത്ത ഒരാള്‍ക്കായിരുന്നു ഈ അവസരം ലഭിക്കുന്നുവെങ്കില്‍ അവന്‍ അവിടെ നിന്ന് തിരിച്ചുവരുമായിരുന്നില്ല. മറിച്ച് റസൂല്‍ (സ) അനുയായികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ശ്രമിച്ചത്. മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെട്ട നിഖില മേഖലയും സര്‍വ പാരതന്ത്ര്യങ്ങളെയും ഭേദിച്ച വ്യക്തിത്വമായിരുന്നു റസൂല്‍ (സ)യുടേത്. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായി ലോകം ഉയര്‍ത്തിക്കാണിക്കുന്ന പലരും ഏതെങ്കിലുമൊരു വിഭാഗത്തിനുവേണ്ടി മാത്രം പരിശ്രമിച്ചപ്പോള്‍ തിരുനബി സമസ്ത ജീവജാലങ്ങള്‍ക്കും മണ്ണിനും വിണ്ണിനുമായി നിലകൊണ്ടു. മനുഷ്യരില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധാവസ്ഥ വരെയുള്ള ഘട്ടങ്ങളില്‍ അനിതര സാധാരണമായ ഇടപെടല്‍ നടത്തിയിരുന്നു അവിടുന്ന്.
ഇസ്‌ലാം കേവല ആചാര ബന്ധമല്ല. ധൈഷണികമായും ചിന്താപരമായും കാലഘട്ടങ്ങളെ അതിജയിക്കാന്‍ അതിന്നാവും. മതാനുയായികള്‍ക്ക് ജീവിതം ആസ്വദിക്കാനാവില്ലെന്ന് പ്രചരിപ്പിക്കുന്നവരുണ്ട്. തെറ്റിദ്ധരിക്കപ്പെടുകയാണിവിടെ. ജീവിതത്തിന് നിയതമായ ലക്ഷ്യവും അതിനു പാകപ്പെടുന്ന മാര്‍ഗവുമുണ്ടായാലേ സാര്‍ഥകമാവൂ. പകരം നൈമിഷിക സുഖാസ്വാദനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാല്‍ പിന്നീട് ഖേദിക്കേണ്ട അവസ്ഥയാണ് സംജാതമാകുക.
ജീവിതത്തെ ക്രമബന്ധമാക്കാന്‍ ലഭിക്കുന്ന അതിവിശിഷ്ട അവസരമാണ് റമസാന്‍. റമസാന്‍ ആത്മചൈതന്യം നേടാന്‍ നമുക്ക് പര്യാപ്തമാകണം. അതിലൂടെ ലഭ്യമാകുന്ന നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹോളി ഖുര്‍ആന്‍ സംഘാടക സമിതി മെമ്പറും പ്രോഗ്രാം കമ്മിറ്റി തലവനുമായ ഡോ. ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ ഉദ്ഘാടനം ചെയ്തു. എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പ്രസംഗിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.

 

Latest