Connect with us

Kerala

ഗോത്ര വിഭാഗങ്ങള്‍ക്കനുവദിച്ച 148 കോടിയുടെ പദ്ധതി അട്ടിമറിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ആദിവാസി ശിശു മരണങ്ങളുടെ ദാരുണകഥകള്‍ ആവര്‍ത്തിക്കുമ്പോഴും മലബാറിലെ പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി 13ാം ധനകാര്യകമ്മീഷന്‍ അനുവദിച്ച 148 കോടി രൂപയുടെ ബ്രഹ്ത് പദ്ധതിയും അട്ടിമറിക്കപ്പെടുന്നു. 2006ല്‍ ഗോത്രവര്‍ഗ കാര്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി മലബാറില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രഖ്യാപിച്ച  പദ്ധതിയാണ് ഇന്നും കെട്ട് പൊട്ടിക്കാതെ നിലകൊള്ളുന്നത്.  ഫണ്ട് എത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞ ശേഷമായിരുന്നു അധികൃതര്‍  ഈ ഫയല്‍ തുറന്നുപോലും നോക്കിയത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ മലബാറിലെ അഞ്ച് പ്രാക്തനാ ഗോത്രവിഭാഗങ്ങളെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കുറുമ്പര്‍, കൊറകര്‍, കാടര്‍ എന്നീ ജനവിഭാഗങ്ങളിലെ 26000 പേരെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു ഇത്രയും തുക അനുവദിച്ചത്. ഊര്കൂട്ടം ശക്തിപ്പെടുത്തിയും ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞും പുതിയ പദ്ധതികള്‍ തയ്യാറാക്കിയും ഇവരെ പുതിയ മനുഷ്യരാക്കി മാറ്റുന്നതിനുള്ള ഭീമന്‍ പദ്ധതിയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞവര്‍ഷം പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ കിര്‍ത്താഡ്‌സില്‍ ഒരു യോഗം ചേര്‍ന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സിറാജിനോട് പറഞ്ഞു.

tribalവയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചോലനായ്ക്കരുള്ളത്. 17000, 1600 കൊറകര്‍, കുറുമ്പര്‍ 2250, ചോലനായ്ക്കര്‍ 400, കാടാര്‍ 1700  എന്നിവര്‍ മാത്രമാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വളരെ സൂക്ഷ്മമായും ആസൂത്രിതമായും നടപ്പാക്കേണ്ട പദ്ധതിയെക്കുറിച്ച് മൂന്ന്‌വര്‍ഷം കടന്ന് പോയിട്ടും  കിര്‍ത്താഡ്‌സില്‍ ഓഫീസ് സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ പദ്ധതി മുട്ടിലിഴയുകയാണ്.

മൂന്ന് വര്‍ഷം നഷ്ടമായി. ഇനിയുള്ളത് രണ്ട് വര്‍ഷം. ഇപ്പോഴും പ്രാഥമിക കാര്യങ്ങള്‍ പോലും ആലോചിച്ച് തുടങ്ങുന്നതേയുള്ളൂ. ഫലത്തില്‍ ഇതും വിദഗ്ധര്‍ക്ക് കയ്യിട്ട് വാരുന്നതിനുള്ള മറ്റൊരു പദ്ധതി മാത്രമാകുമെന്ന് ട്രൈബല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വളരെ നല്ല പദ്ധതിയാണിത്. ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നുവെങ്കില്‍ ഈ വിഭാഗങ്ങളെ മറ്റു ജനവിഭാഗങ്ങള്‍ക്കൊപ്പമെത്തിക്കുന്നതിന് സാധിക്കുമായിരുന്നു. അത്രമാത്രം ഫണ്ടാണ് അനുവദിക്കപ്പെട്ടത്. എന്നാല്‍ വൈകി ഓടുന്ന പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാന്‍ ഇനി ഉദ്യോഗസ്ഥര്‍ തലകുത്തിമറിഞ്ഞാലും സാധിക്കുകയില്ലെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ ആദിവാസികള്‍ക്കായി 57,481 വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്നും അവയില്‍ 13,639 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടേയില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ പലതും വളരെ വേഗത്തില്‍ നിലംപൊത്തി.

നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകളുടെ ഉത്തരവാദിത്വം ഭവന നിര്‍മാണ ബോര്‍ഡ്(149), നിര്‍മിതി കേന്ദ്രം (2284), കോസ്റ്റ്‌ഫോര്‍ഡ്(2414), ഹാബിറ്റാറ്റ്(1727),ഗുണഭോക്താവ് (5184), ഗുണഭോക്തൃ സമിതി (170), കരാറുകാരന്‍(1140), ബിനാമി കരാറുകാരന്‍(360), വിവിധ ഏജന്‍സികള്‍(221) ഇത്തരത്തിലാണ്. ഇന്നും ഇവ പ്രേതാലയം പോലെ ശേഷിക്കുന്നു. 57,814 വീടുകളില്‍ ഇപ്പോള്‍ താമസയോഗ്യമായ വീടുകള്‍ 18,756 മാത്രമാണെന്നതാണ് വസ്തുത.

ആദിവാസി സ്‌നേഹത്തിന്റെ പേരില്‍ അധികൃതര്‍ തേനും പാലുമൊഴുക്കിയ വികസന പദ്ധതിയിലെ എഴുപത് ശതമാനം ഫണ്ടുകളും നീക്കിവെച്ചത് വീട് നിര്‍മാണത്തിനായിരുന്നു. അതിലെ കയ്യിട്ട് വാരലിന്റെ കഥഇങ്ങനെ.  അതേ ദുര്‍ഗതി തന്നെയാകും ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി 13ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 148 കോടി രൂപയുടെ  പദ്ധതിക്കും സംഭവിക്കുക.

Latest