Connect with us

Malappuram

കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍, നിരവധി വീടുകള്‍ തകര്‍ന്നു

Published

|

Last Updated

പൊന്നാനി: ഒരിടവേളക്ക് ശേഷം പുതുപൊന്നാനി തീരത്ത് വീണ്ടും കടലാക്രമണം. ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗത്ത് രൂക്ഷമായ നിലയില്‍ കടല്‍ കരയിലേക്ക് ആഞ്ഞടിച്ചു. പത്തോളം വീടുകളിലേക്ക് വെള്ളം കയറി. തീരദേശത്തെ മുല്ല റോഡിലേക്ക് തിരമാലകള്‍ പ്രവഹിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പുതുപൊന്നാനി തീരത്ത് കടലാക്രമണത്തിന് ശമനമായിരുന്നു. ഇന്നലെ രാവിലെയോടെയാണ് കടല്‍ വീണ്ടും പ്രക്ഷുബ്ധമായത്. ഈ വര്‍ഷത്തെ കടലാക്രമണത്തില്‍ പകുതി തകര്‍ന്ന വീടുകളിലേക്ക് തിരമാലകള്‍ ആഞ്ഞടിച്ച് കയറി. വ്യാപകമായി മണല്‍ ഒലിച്ച് പോയതിനാല്‍ വീടുകളുടെ തകര്‍ച്ച പൂര്‍ണതയിലേക്ക് എത്തി. ജീലാനി നഗറിന് പടിഞ്ഞാറ് ഭാഗത്ത് കടല്‍ മുല്ലറോഡിന് അടുത്തെത്തിയിട്ടുണ്ട്. ഈ ഒരു മേഖലയിലെ ആറ് വീടുകള്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തകര്‍ന്നിരുന്നു. കടല്‍ഭിത്തിയില്ലാത്ത അബുഹുറൈറ പള്ളിക്ക് പിന്‍വശവും കടല്‍കയറ്റം രൂക്ഷമായി അനുഭവപ്പെട്ടു.

 

നിലമ്പൂര്‍: നിലമ്പൂര്‍ മേഖലയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ചുങ്കത്തറ പള്ളിക്കുത്തില്‍ ഒരുവീട് ഭാഗികമായി തകര്‍ന്നു. പള്ളിക്കുത്ത് ഞാറപ്പാടം കാട്ടുപറമ്പില്‍ ആന്റണിയുടെ വീടിനാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ വിള്ളലുണ്ടായി കട്ടകള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങിയത്. ചുമരില്‍ നിന്നും കട്ടകള്‍ അടര്‍ന്നുവീഴുന്ന ശബ്ദം കേട്ടാണ് ആന്റണിയും ഭാര്യയും ഉണര്‍ന്നത്. പല ഭാഗത്തായി വീടിന്റെ ചുമരില്‍ നിന്ന് കട്ടകള്‍ അടര്‍ന്നുവീണതിനെ തുടര്‍ന്ന് ഭീതി കാരണം വീട്ടില്‍ നിന്നും ഇവര്‍ രാത്രി തന്നെ താമസം മാറ്റുകയായിരുന്നു. വെളുമ്പിയംപാടത്ത് കീരി അലി സഖാഫിയുടെ വീടും ഭാഗികമായി തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തകര്‍ന്നത്. അടുക്കളയുടെ ഭാഗമാണ് ഇടിഞ്ഞുതകര്‍ന്നത്. ജലസംഭരണിയും തകര്‍ന്നു. ഉമ്മയും ഭാര്യയും രണ്ട് ചെറിയ മക്കളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും പരുക്കില്ല.