കാഴ്ചക്കാരോട് നേരിട്ട് സംവദിക്കുന്ന ചിത്രങ്ങളുമായി ഗോവിന്ദന്‍കുട്ടി

Posted on: July 27, 2013 10:07 am | Last updated: July 27, 2013 at 10:07 am

കോഴിക്കോട്: ജലച്ചായത്തിലും അക്രിലിക്കിലും തീര്‍ത്ത കുന്ദമംഗലം സ്വദേശിയായ ശ്രീധരന്‍ ഗോവിന്ദന്‍കുട്ടിയുടെ 20 ചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. കുവൈത്തിലെ പ്രമുഖ പരസ്യ സ്ഥാപനമായ അല്‍അര്‍ഫാജിലെ ചീഫ് ആര്‍ട്ടിസ്റ്റാണ് ശ്രീധരന്‍ ഗോവിന്ദന്‍കുട്ടി.
കാഴ്ചക്കാരന് വേറിട്ട അനുഭവം നല്‍കുന്ന മനോഹരമായ പ്രകൃതിസൗന്ദര്യം പ്രകടമാക്കുന്നവയാണ് ഗോവിന്ദന്‍കുട്ടിയുടെ ജലച്ചായ ചിത്രങ്ങള്‍. അവയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ബോബ് മാര്‍ലി, മെഹ്ദി ഹസന്‍, ഉസ്താദ് ബിസ്മില്ലാ ഖാന്‍ എന്നിവരുടെ അക്രിലികില്‍ തീര്‍ത്ത ചിത്രങ്ങള്‍.
പീഡിനമനുഭവിക്കുന്ന സ്ത്രീജന്മം എന്ന ആശയത്തില്‍ വരച്ച ചിത്രവും വളര്‍ത്തമ്മയുടെ വ്യത്യസ്തമായ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചിത്രവും കാഴ്ചക്കാരന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ജലച്ചായം, അക്രിലികുകളിലെ ശൈലികളുടെ വ്യത്യാസമാണ് ചിത്രത്തില്‍ പ്രകടമാകുന്നത്. സൃഷ്ടികള്‍ക്കൊന്നും സങ്കീര്‍ണ ഭാവം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇവ ഓരോന്നും കാഴ്ചക്കാരന്റെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കും.
കാഴ്ചക്കാരോട് നേരിട്ട് സംവദിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശന വില്‍പ്പനക്കായി ഒരുക്കിയിരിക്കുന്നത്. പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധങ്ങളാണ് തന്റെ ചിത്രങ്ങളില്‍ ഏറെയെന്നും ഗോവിന്ദന്‍കുട്ടി പറഞ്ഞു. സ്വന്തം നാട്ടില്‍ ആദ്യമായാണ് താന്‍ പെയിന്റിംഗ് പ്രദര്‍ശനം നടത്തുന്നതെങ്കിലും അതില്‍ നിന്ന് ലഭിച്ച പ്രചോദനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിഹാസങ്ങളായ സംഗീതജ്ഞന്മാരുടെ പെയിന്റിംഗുകള്‍ തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നതായും ചിത്രകാരന്‍ പറഞ്ഞു. പ്രദര്‍ശനം 29ന് സമാപിക്കും.