ആറ് ജില്ലകളില്‍ നിര്‍ഭയ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

Posted on: July 27, 2013 12:39 am | Last updated: July 27, 2013 at 12:39 am

തിരുവനന്തപുരം: നിര്‍ഭയ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നിര്‍ഭയ പദ്ധതിയുടെ ഭാഗമായാണ് നിര്‍ഭയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
കാസര്‍കോട്, വയനാട്, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് പുതുതായി ആരംഭിക്കുന്നത്. ആറാമതായി ആലപ്പുഴ ജില്ലയില്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. നിലവില്‍ തിരുവനന്തപുരത്ത് പൂജപ്പുരയില്‍ മാത്രമാണ് നിര്‍ഭയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങളില്‍ നിന്നും രക്ഷ നേടുകയും സുരക്ഷിതമായി ജീവിക്കാനുള്ള ഇടം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നിര്‍ഭയ.
ലൈംഗിക ചൂഷണത്തിനു ഇരയായവരുടെ സംരക്ഷണം, മോചനം, പുനരധിവാസം, അവര്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കല്‍, കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് നിര്‍ഭയ പദ്ധതിക്കുള്ളത്. ഇതിനായി ജില്ലാ തലത്തിലും ഗ്രാമ തലത്തിലും നിര്‍ഭയ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എട്ടോളം വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് ആരംഭത്തില്‍ പറഞ്ഞിരുന്നതെങ്കിലും തലസ്ഥാനത്ത് മാത്രമാണ് നിര്‍ഭയ കേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നത്. മൂന്ന് കോടി രൂപയാണ് ബജറ്റില്‍ പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. ഓരോ നിര്‍ഭയ ഷെല്‍റ്റര്‍ ഹോമുകളിലും 50 അന്തേവാസികളെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും മാനസികോല്ലാസത്തിനും തൊഴില്‍ പരിശീലനം നല്‍കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കും. പ്രായഭേദമന്യേ എല്ലാവരേയും ഉള്‍പ്പെടുത്തും. ഒരോ പ്രായക്കാരെ ഒരുമിച്ച് താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
മുതിര്‍ന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും കുട്ടികള്‍ക്ക് പഠനത്തിന് സംവിധാനമൊരുക്കുകയും ചെയ്യും. എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ സാമൂഹിക നീതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലായിരിക്കും കേന്ദ്രങ്ങള്‍ ആരംഭിക്കുക. മറ്റ് ജില്ലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യും.
പൂജപ്പുരയില്‍ 20 അന്തേവാസികളാണ് നിലവിലുള്ളത്. താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്കും വീട്ടില്‍ നിന്നും ദുരനുഭവങ്ങള്‍ നേരിട്ട് വീടുവിട്ടിറങ്ങുന്നവര്‍ക്കും ആശ്രയമായി നിലവില്‍ സാമൂഹിക നീതി വകുപ്പ് എല്ലാ ജില്ലകളിലും മഹിളാ മന്ദിരങ്ങള്‍ നടത്തുന്നുണ്ട്.