സര്‍ക്കിള്‍ സെക്രട്ടറിമാരുടെ കൈമാറ്റം ഇന്ന് പൂര്‍ത്തിയാകും

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:51 am

കാസര്‍കോട്: കരുണാനാളില്‍ കാരുണ്യക്കൈനീട്ടം എന്ന സന്ദേശത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിച്ച റിലീഫ് ഡേ സമാഹരണ ഭാഗമായുള്ള സര്‍ക്കിള്‍ സെക്രട്ടറിമാരുടെ കൈമാറ്റം ഇന്ന് പൂര്‍ത്തിയാകും.
ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ ജില്ലയിലെ 400 ഓളം യൂനിറ്റുകളില്‍ നിന്നും പിരിച്ചെടുത്ത സംഖ്യയും അനുബന്ധ സാമഗ്രികളും സര്‍ക്കിള്‍ സെക്രട്ടരിമാര്‍ ഇന്നലെയും ഇന്നുമായി സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാരെ ഏല്‍പിച്ചുവരുന്നു. ഇന്ന് വൈകുന്നേരത്തോടെ 40 സര്‍ക്കിള്‍കമ്മിറ്റികള്‍ മുഖേന പിരിച്ചെടുത്ത തുക സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാര്‍ ഏറ്റുവാങ്ങുന്ന പ്രക്രിയ പൂര്‍ത്തിയാക്കും. എസ് വൈ എസ് സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ നടന്നുവരുന്ന വിവിധയിനം വിദ്യാഭ്യാസ-ജീവകാരുണ്യ-ആതുരശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപം കൊണ്ട സാന്ത്വനം പദ്ധതയുടെ ഫണ്ട് ലക്ഷ്യംവെച്ചാണ് എല്ലാവര്‍ഷവും റമസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച എസ് വൈ എസ് റിലീഫ് ഡേ ആചരിച്ചുവരുന്നത്.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ സെന്ററുകള്‍ കേന്ദ്രീകരിച്ച് സാന്ത്വനം മെഡിക്കല്‍ വാര്‍ഡുകള്‍, സൗജന്യ ഔഷധശാലകള്‍, സാന്ത്വനം ഹെല്‍ത്ത് ക്ലബുകള്‍, ആരോഗ്യ ബോധവത്കരണ ക്യാമ്പുകള്‍, ശയ്യാവലംബികളായ രോഗികള്‍ക്ക് വാട്ടര്‍ബെഡ് വിതരണം, വീല്‍ചെയര്‍, സൗജന്യ ഡയാലിസസ് കേന്ദ്രങ്ങള്‍, ആംബുലന്‍സ് സര്‍വീസ്, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളില്‍ വിവിധ ക്ഷേമകാര്യ പ്രവര്‍ത്തനങ്ങള്‍ സാന്ത്വനം പദ്ധതിയിലുള്‍പ്പെടുന്നു.
സോണ്‍ കമ്മിറ്റി സ്വീകരിച്ച റിലീഫ് ഡേ കലക്ഷന്‍ 28ന് ജില്ലാ സാമൂഹ്യക്ഷേമ കാര്യ വകുപ്പ് ഏറ്റുവാങ്ങും. ഒമ്പതു സോണുകളില്‍നിന്നും ശേഖരിച്ച തുക സ്വീകരിക്കുന്നതിന് ജില്ലാ എസ് വൈ എസ് കമ്മിറ്റി ജില്ലാ സുന്നി സെന്ററില്‍ പ്രത്യേകം കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചക്ക് 2.30 മുതല്‍ വൈകിട്ട് 6.30 വരെ സ്‌പെഷ്യല്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും.
റിലീഫ് ഡേ വിജയിപ്പിക്കാന്‍ സഹകരിച്ച മുഴുവനാളുകളെയും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും ജനറല്‍സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അഭിനന്ദിച്ചു.