കുടുംബശ്രീ ‘ഉപജീവനമാര്‍ഗം പദ്ധതി’ക്ക് തുടക്കമായി

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:34 am

കല്‍പറ്റ: കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്ന ഉപജീവനമാര്‍ഗ്ഗം പദ്ധതിക്ക് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലയില്‍ ആകെ 5000 തൊഴിലവസരങ്ങളും ഓരോ പഞ്ചായത്തുകളിലും 200 മുതല്‍ 250 വരെ തൊഴിലവസരങ്ങളുമാണ് ലഭിക്കുന്നത്.
സ്വയംതൊഴില്‍ അവസരങ്ങള്‍, സ്‌കില്‍ ആന്റ് പ്ലെയ്‌സ്‌മെന്റ് എന്നിവയാണ് കുടുംബശ്രീ മിഷന്‍ ഉപജീവനമാര്‍ഗ്ഗം പദ്ധതിയിലൂടെ നടപ്പിലാകുന്നത്. സ്വയംതൊഴില്‍ അവസരങ്ങള്‍ക്ക് കുടുംബശ്രീയില്‍ അംഗമായിരിക്കുകയും 18 മുതല്‍ 45 വയസ്സ് പ്രായപരിധിയിലുള്ളവരായിരിക്കുകയും വേണം. സ്‌കില്‍ ആന്റ് പ്ലേയ്‌സ്‌മെന്റിലൂടെ അവരവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി സാദ്ധ്യതകള്‍ ലഭിക്കുന്നതാണ്. ഉപജീവനമാര്‍ഗ്ഗം പദ്ധതിയിലൂടെ സ്ത്രീകളുടെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുക, തരിശ്ഭൂമി ഇല്ലായ്മ ചെയ്യുക, വിഷാംശം കലരാത്ത ഉല്‍പ്പന്നങ്ങള്‍ വിളയിച്ചെടുക്കുക എന്നിവയാണ്് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
അംഗങ്ങള്‍ക്ക് കൂട്ടുകൃഷി ചെയ്യാന്‍ കൃഷിഭവന്‍, പഞ്ചായത്ത്, കുടുംബശ്രീമിഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കും. 50 സെന്റ് മുതല്‍ പന്ത്രണ്ടര ഏക്കര്‍ വരെ സ്ഥലത്ത് കൃഷി ചെയ്യാം. കൃഷി ചെയ്ത സ്ഥലപരിധി പരിഗണിച്ച് കുടുംബശ്രീ മിഷന്‍ ആനുകൂല്യങ്ങള്‍ നല്‍കും. കൃഷിഭവന്‍ മുഖേന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതും പഞ്ചായത്ത് കൃഷിക്കായി ജൈവളങ്ങള്‍ നല്‍കുന്നതുമാണ്.
ഉപജീവനമാര്‍ഗ്ഗം പദ്ധതിയിലൂടെ കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലെത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സി.ഡി.എസ്. എക്‌സിക്യൂട്ടീവ്, എ.ഡി.എസ്. എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ എന്നിവര്‍ക്കായി ഇന്നും നാളെയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍വെച്ച് കുടുംബശ്രീ ഉപസമിതി അംഗങ്ങള്‍ ക്ലാസ്സ് സംഘടിപ്പിക്കും.