രക്താര്‍ബുദം ബാധിച്ച കുട്ടിയെ പിന്തുണച്ച് ബുഷ് സീനിയര്‍ മൊട്ടയടിച്ചു

Posted on: July 26, 2013 10:00 am | Last updated: July 26, 2013 at 10:14 am
Former US President George H. W. Bush
രക്താര്‍ബുദം ബാധിച്ച പാട്രിക്കിനൊപ്പം ബുഷ് സീനിയര്‍

ന്യൂയോര്‍ക്ക്: രക്താര്‍ബുദം ബാധിച്ച് തലമുടി നഷ്ടപ്പെട്ട രണ്ട് വയസ്സുകാരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യു എസ് മുന്‍ പ്രസിഡന്റ് തല മുണ്ഡനം ചെയ്തു. യു എസ് മുന്‍ പ്രസിഡന്റായ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷാണ് തല മുണ്ഡനം ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ബുഷിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മകനായ പാട്രിക്കിനാണ് രക്താര്‍ബുദം ബാധിച്ചത്. അര്‍ബുദ ചികിത്സയെ തുടര്‍ന്ന് കുട്ടിയുടെ മുടി പൂര്‍ണമായും നഷ്ടപ്പെട്ടതോടെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ കുട്ടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
എണ്‍പത്തൊമ്പതുകാരനായ ജോര്‍ജ് ബുഷ് സീനിയര്‍ തല മുണ്ഡനം ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷാ വിഭാഗത്തിലെ ഭൂരിഭാഗം ജീവനക്കാരും തല മുണ്ഡനം ചെയ്ത് പിന്തുണ നല്‍കിയിട്ടുണ്ട്. പാട്രിക്കിന്റെ ചികിത്സാ ചെലവിലേക്ക് പണം കണ്ടെത്തുന്നതിനായി വെബ്‌സൈറ്റ് തുടങ്ങിയതായി ബുഷിന്റെ വക്താവ് അറിയിച്ചു. അമേരിക്കയുടെ നാല്‍പ്പത്തൊന്നാമത്തെ പ്രസിഡന്റാണ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്. 1989 മുതല്‍ 93 വരെയാണ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ബുഷ്, ബാര്‍ബറ ദമ്പതികളുടെ മകള്‍ പോളിന നാലാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ചാണ് മരിച്ചത്. സീനിയര്‍ ബുഷിന്റെ മൂത്ത മകനാണ് രണ്ട് വട്ടം യു എസ് പ്രസിഡന്റായ ജോര്‍ജ് ഡബ്ല്യു ബുഷ്.