Connect with us

Kerala

അട്ടപ്പാടി ക്ഷേമത്തിന് പ്രത്യേക സമിതി

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനത്തിന് പ്രത്യേക സമിതി രൂപവത്കരിക്കാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആസൂത്രണം, വനം, പട്ടികജാതി, പട്ടികവര്‍ഗ, ഗ്രാമവികസന, സാമൂഹ്യക്ഷേമ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും. 
ആദിവാസി ഊരുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും നടപടി സ്വീകരിക്കും. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നഗരത്തിലെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ച് തുടര്‍ പഠനം നടത്താന്‍ സൗകര്യമൊരുക്കും. ജപ്പാന്‍ സഹായത്തോടെയുള്ള അഹാഡ്‌സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് നവീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വാര്‍ഷിക പദ്ധതി വകമാറ്റി ചെലവഴിക്കുന്നത് തടയാന്‍ പ്രത്യേക സംവിധാനമൊരുക്കു മെന്നും ഇതിനായുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിബന്ധനങ്ങളില്‍ മാറ്റം വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം ഭാഗികമായി കേന്ദ്രം അംഗീകരിച്ചിരിക്കുകയാണെന്ന് യോഗത്തില്‍ മന്ത്രി കെ സി ജോസഫ് പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പത്ത് ശതമാനം സംസ്ഥാന നിശ്ചയിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാവാമെന്ന് പ്ലാനിംഗ് കമ്മീഷന്‍ അംഗം ബി കെ ചതുര്‍വേദി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൊതുവേ കേരളത്തിനനുകൂലമാണ്. നിര്‍ദേശങ്ങള്‍ പഠിക്കാനും വകുപ്പുതല ആവശ്യങ്ങള്‍ സമഗ്രമായി തയ്യാറാക്കാനുമായി ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചതുര്‍വേദിയുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം അടുത്ത ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പില്‍വരുത്തുക. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്ത് ജെന്‍ഡര്‍ ബജറ്റിംഗ് നടത്തും.
കേന്ദ്ര വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള വികസനാവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ തരംതിരിച്ച് പദ്ധതി ആവിഷ്‌കരിക്കുന്ന കര്‍ണാടക മാതൃക കേരളത്തിലും നടപ്പാക്കും. അവികസിത പ്രദേശങ്ങള്‍, അല്‍പ്പ വികസിത പ്രദേശങ്ങള്‍, വികസിത പ്രദേശങ്ങള്‍ തുടങ്ങി വിവിധ മേഖലകളാക്കിയാണ് തിരിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്ലാനിംഗ് ബോര്‍ഡ് ഹൈവപവര്‍ കമ്മിറ്റിക്കും രൂപംനല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ബോര്‍ഡ് അംഗങ്ങായ സി പി ജോണ്‍, ജി വിജയരാഘവന്‍, സെക്രട്ടറി രചനാഷാ, ഡോ. ഇ ശ്രീധരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.