Connect with us

Editorial

മഅദനി: പ്രൊസിക്യൂഷന്‍ നിലപാട് വേദനാജനകം

Published

|

Last Updated

അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള കര്‍ണാടക സര്‍ക്കാറിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന് ഇനിയും മാറ്റമില്ല. മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കവേ ഗുരുതരമായ ആരോപണങ്ങളാണ് പരപ്പ അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. മഅ്ദനി 57 സ്‌ഫോടനക്കേസുകളില്‍ പ്രതിയാണെന്നും പാക്, ബംഗ്ലാദേശ് തീവ്രവാദികളുമായി ബന്ധമുണ്ടന്നും കാഴ്ച പ്രശ്‌നമുള്‍പ്പെടെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും വാദിച്ച പ്രോസിക്യൂഷന്‍ അദ്ദേഹത്തന് ജാമ്യം നല്‍കരുതെന്നും കോടതിയോട് ആവശ്യപ്പെടുകയുണ്ടായി.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്നാരോപിച്ച് പതിനൊന്ന് വര്‍ഷത്തോളം ജയിലിലടച്ച ശേഷം നിരപരാധിയാണെന്ന് കണ്ട് കോടതി വെറുതെ വിട്ട മഅ്ദനിയെ 2008ല്‍ നടന്ന ബംഗളൂരു സ്‌ഫോടന പരമ്പരയുടെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2010 ആഗസ്റ്റ്17ന് വീണ്ടും അറസ്റ്റ് ചെയയ്ത് ജയിലിലടച്ചത്. കുടകിലെ ഒരു ഇഞ്ചിത്തോട്ടത്തില്‍ വെച്ചാണത്രേ ഗൂഢാലോചന നടന്നത്. അതില്‍ സംബന്ധിക്കാന്‍ മുസ്‌ലിം തീവ്രവാദിയായി മാധ്യമങ്ങള്‍ മുദ്രയടിക്കുകയും ഇന്റലിജന്‍സിന്റെ കണ്ണുകള്‍ സദാ പിന്തുടരുകയും ചെയ്യുന്ന മഅ്ദനി അവരുടെയൊക്കെ കണ്ണുകള്‍ വെട്ടിച്ച് കേരളത്തില്‍ നിന്ന് കുടകിലെത്തിയെന്നാണ് പോലീസ് ഭാഷ്യം. കുടകില്‍ മഅ്ദനിയെ കണ്ടത് ഒരു ബി ജെ പി നേതാവാണെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹമത് നിഷേധിക്കുകയുണ്ടായി. രണ്ടാമത്തെ സാക്ഷി റഫീഖ് ബാപ്പുട്ടിയാണ്. പൊലീസ് മൂന്നാ ംമുറ പ്രയോഗിച്ച് തന്നില്‍നിന്ന് അത്തരമൊരു മൊഴി വാങ്ങുക യാണുണ്ടായതെന്ന് റഫീഖ് പിന്നീട് വെളിപ്പെടുത്തി. ഒരു പറ്റം കളവുകളുടെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മഅ്ദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതെന്ന് പല മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടകളും അഭിപ്രായപ്പെട്ടത് ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.
പോലീസ് ഭാഷ്യം കണ്ണടച്ചു വിശ്വസിക്കാമെന്ന് വെക്കുക. എന്നാലും ഒരു കാല്‍ നഷ്ടപ്പെട്ട് നിരവധി രോഗങ്ങള്‍ക്കടിമയായി ദുരിത ജീവിതം നയിക്കുന്ന മഅ്ദനി ചികിത്സാവശ്യാര്‍ഥം ആവശ്യപ്പെട്ട ജാമ്യത്തിനെതിരെ എന്തിനാണ് പ്രോസിക്യൂഷന്‍ ഇത്രയും ക്രൂരവും മനുഷ്യത്വരഹിതവുമായ നിലപാടെടുക്കുന്നത്. ബംഗളൂരുവിലെ മണിപ്പാല്‍, സൗഖ്യ, അഗര്‍വാള്‍ തുടങ്ങിയ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മഅ്ദനിയുടെ രോഗം സ്ഥിരീകരിച്ചിരിക്കെ അദ്ദേഹത്തിന് പറയത്തക്ക രോഗമേതുമില്ലെന്ന് പ്രൊസിക്യൂഷന്‍ പറയുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്? ബി ജെ പി ഭരണ കാലത്താണ് മഅ്ദനിയെ അറസ്റ്റ് ചെയ്തു ജയിയിലടക്കുന്നത്. താടിയും തൊപ്പിയും ധരിച്ച മുസ്‌ലിംകളെ മൊത്തം തീവ്രവാദികളും ഭീകരന്മാരുമായി ചിത്രീകരിക്കുകയും ഗുജറാത്തിലെ നിഷ്ഠൂരമായ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ബി ജെ പിയുടെ ഈ നിലപാട് മനസ്സിലാക്കാകുന്നതേയുള്ളൂ. രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊടും ചെയ്തികള്‍ക്കെതിരെ ഉറക്കെ ശബ്ദിച്ചതാണല്ലോ മഅ്ദനി പലരുടേയും കണ്ണിലെ കരടായി മാറാന്‍ കാരണം. എന്നാല്‍ കര്‍ണാടകയിലെ രാഷ്ട്രീയാന്തരീക്ഷം മാറിമറിയുകയും മതേതര പ്രസ്ഥാനമെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് അധികാരത്തിലേറുകയും ചെയ്തിട്ടും മഅ്ദനിയോടുള്ള പ്രോസിക്യൂഷന്‍ നിലപാട് മാറാത്തതാണ് ഖേദകരം.
കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാല്‍ അധികാരത്തിലേറിയപ്പോള്‍ മഅ്ദനിയും കുടുംബവും മനുഷ്യ സ്‌നേഹികളും ആശ്വാസത്തിലായിരുന്നു. ഒന്നര ദശകത്തോളം വിചാരണത്തടവുകാരനായി ജയിലില്‍ ദുരിതങ്ങള്‍ അനുഭവിക്കാന്‍ ഇടയായ മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ പുതിയ ഭരണകൂടം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹത്തിന് ജാമ്യ ലഭിക്കാന്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പ്രോസിക്യൂഷന്റെ കൂടുതല്‍ കര്‍ക്കശവും ക്രൂരവുമായ ഇന്നലത്തെ പരാമര്‍ശങ്ങള്‍ മനുഷ്യസ്‌നേഹികളെ മുസ്‌ലിംലീഗ് നേതാക്കളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാരുള്‍പ്പെടെ ഉന്നത മുസ്‌ലിം നേതാക്കളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും മലയാളിയായ ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജിനെയും സന്ദര്‍ശിച്ച്, മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ സഹകരണം ആവശ്യപ്പെട്ടപ്പോള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. കര്‍ണാടക കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലും പി സി സി അധ്യക്ഷന്‍ എസ് എസ് പ്രകാശവും മുന്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റി മനുഷ്യത്വപരമായ നിലപാട് വാഗ്ദത്തം ചെയ്തിരുന്നു. എന്നിട്ടും പ്രോസിക്യൂഷന്‍ പഴയ നയം ആവര്‍ത്തിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ അന്വേഷിക്കേണ്ടതും മഅ്ദനിയുടെ ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സമ്മര്‍ദവും കൂടുതല്‍ ശക്തമാക്കേണ്ടതുമുണ്ട്.

---- facebook comment plugin here -----

Latest