ടൂണീഷ്യന്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു

Posted on: July 25, 2013 9:15 pm | Last updated: July 25, 2013 at 11:31 pm

Mohamed-Brahmi

ടുണീസ്: ടുണീഷ്യയിലെ പ്രതിപക്ഷ നേതാവും മൂവ്‌മെന്റ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടി സ്ഥാപകനുമായ മുഹമ്മദ് ഇബ്‌റാഹീമി വെടിയേറ്റ് മരിച്ചു. തലസ്ഥാനമായ ടൂണിസിലെ വസതിക്ക് പുറത്ത് വെച്ചാണ് ഇബ്‌റാഹീമിക്ക് വെടിയേറ്റത്. ഭാര്യയുടെയും മകളുടെയും മുന്നില്‍വെച്ചാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ഇബ്‌റാഹിമിയെ വെടിവെച്ചതെന്ന് മൂവ്‌മെന്റ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. പതിനൊന്ന് തവണ വെടിയുതിര്‍ത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
കൊലപാതകത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ഇബ്‌റാഹിമിയുടെ അനുയായികള്‍ പ്രകടനവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാര്‍ ഇബ്‌റാഹീമിയുടെ ജന്മനഗരവും അറബ് വസന്തത്തിന്റെ കേന്ദ്രവുമായ സിദി ബൗസിദില്‍ ഒത്തുചേര്‍ന്നു. മരങ്ങളും ടയറുകളും ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇബ്‌റാഹീമിയുടെ കൊലപാതകത്തില്‍ ഭരണകക്ഷിയായ അന്നഹ്ദ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വം നിറഞ്ഞ നിന്ദ്യമായ ആക്രമണമാണിതെന്ന് അന്നഹ്ദ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പത്തിയാറാം വാര്‍ഷികം ടുണിഷ്യ ആഘോഷിക്കാനിരിക്കെയാണ് കൊലപാതകം അരങ്ങേറിയത്. 2011ലെ ടുണിഷ്യന്‍ പ്രക്ഷോഭത്തിന് ശേഷമാണ് മൂവ്‌മെന്റ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടിക്ക് അമ്പത്തെട്ടുകാരനായ മുഹമ്മദ് ഇബ്‌റാഹീമി രൂപം നല്‍കിയത്. പുതിയ ഭരണഘടനക്ക് രൂപം നല്‍കുന്ന ദേശീയ ഭരണഘടനാ സമിതി അംഗം കൂടിയാണ് ഇബ്‌റാഹീമി. ഒരു ദിവസത്തെ ദുഃഖാചരണത്തിന് സമിതി ഇന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ പാര്‍ട്ടി നേതാവ് കൊല്ലപ്പെടുന്നത്. പ്രതിപക്ഷ നേതാവായ ശുക്‌രി ബെലെയ്ദ് കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി ഹമാദി ജെബലിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും ശക്തമായിരുന്നു.