എസ് വൈ എസ് റിലീഫ് ഡേ സമാഹരണം: 28ന് ജില്ലാ കമ്മിറ്റി ഏറ്റുവാങ്ങും

Posted on: July 25, 2013 1:14 am | Last updated: July 25, 2013 at 1:14 am

കാസര്‍കോട്: കരുണാനാളുകളില്‍ കാരുണ്യക്കൈനീട്ടം എന്ന സന്ദേശത്തില്‍ എസ് വൈ എസ് ആചരിച്ച റിലീഫ് ഡേയില്‍ സമാഹരിച്ച സംഖ്യകള്‍ 28ന് ജില്ലാ എസ് വൈ എസ് സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റുവാങ്ങും. ജില്ലയിലെ ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ 400 ഓളം യൂനിറ്റുകള്‍ സമാഹരിച്ച തുകകള്‍ 40 സര്‍ക്കിള്‍ സെക്രട്ടറിമാര്‍ മുഖേന നാളെ വൈകുന്നേരത്തോടെ സോണ്‍ ക്ഷേമകാര്യ സെക്രട്ടറിമാര്‍ ഏറ്റുവാങ്ങും.
28ന് ഉച്ചക്കുശേഷം സോണ്‍ സെക്രട്ടറിമാര്‍ ജില്ലാ സാമൂഹ്യക്ഷേമകാര്യ വകുപ്പിനെ ഏല്‍പിക്കും. ആതുരശുശ്രൂഷ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ എസ് വൈ എസ് നടത്തിവരുന്ന സാന്ത്വനം പദ്ധതിയുടെ പ്രവര്‍ത്തന ഫണ്ടിലേക്കാണ് തുക സമാഹരിച്ചത്. കേരളത്തിന്റെ തീരദേശങ്ങളില്‍ ട്രോളിംഗ് നിരോധംമൂലവും മറ്റും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാന്ത്വനം പദ്ധതി ഭാഗമായി ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തുവരുന്നു.
ജില്ലാ ക്ഷേമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സെക്രട്ടറി ഹസ്ബുല്ലാഹ് തളങ്കര എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ സുന്നി സെന്ററില്‍ ഒമ്പത് സോണുകളില്‍ നിന്നും സമാഹരിച്ച സംഖ്യകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉച്ചക്ക് 2 മുതല്‍ വൈകിട്ട് ആറുമണിവരെ കൗണ്ടര്‍ സജ്ജമായിരിക്കും.
റിലീഫ് ഡേ വിജയിപ്പിക്കുന്നതിന് സഹകരിച്ച മുഴുവനാളുകളെയും ജില്ലാ എസ് വൈ എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ അഭിനന്ദിച്ചു.