Connect with us

National

കര്‍ണാടകയില്‍ ഒരു രൂപ അരി കിട്ടാന്‍ 200 രൂപ മുടക്കണം

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഒരു രൂപക്ക് അരി ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുന്നു. അരിയോടൊപ്പം പാത്രം കഴുകുന്ന സോപ്പ് പൊടിയുടെ പാക്കറ്റുകള്‍ റേഷന്‍ വ്യാപാരികള്‍ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയാണ്. മുപ്പത് രൂപ മുതല്‍ 50 രൂപ വരെ വില വരുന്ന ഡിഷ് വാഷ് പൗഡര്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുമെന്നാണ് ഭീഷണി.
തിലക്‌നഗറില്‍ പോലീസ് സ്റ്റേഷന് പിന്നില്‍ സ്ഥിതി ചെയ്യുന്ന റേഷന്‍ കടയില്‍ ഇത് വന്‍ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു. ബി പി എല്‍ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന്, സമീപ ചേരിപ്രദേശമായ നക്കല്‍ബാന്ദെയിലുള്ള വീട്ടുജോലിക്കാരി ചോദ്യം ചെയ്യുകയായിരുന്നു. ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് റൈറ്റ്‌സ് യൂനിയന്‍ പ്രവര്‍ത്തകയായ ഇവര്‍, സോപ്പ് പൊടി നിര്‍ബന്ധിപ്പിച്ച് വാങ്ങിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ചു. സര്‍ക്കാര്‍ ഉത്തരവ് അങ്ങനെയാണെന്നായിരുന്നു റേഷന്‍ കടക്കാരന്റെ മറുപടി. കൂടുതല്‍ ചോദ്യം ചോദിക്കുമെന്നായപ്പോള്‍, അയാള്‍ റേഷന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ കുറിച്ചുവെച്ചു. അടുത്ത മാസം സംഭവിക്കുന്നതെന്താണെന്ന് കാത്തിരുന്ന് കാണാന്‍ ഭീഷണിപ്പെടുത്തി. പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് വീട്ടുജോലിക്കാരി പറഞ്ഞു.
അതേസമയം, ഇത്തരമൊരു ഉത്തരവില്ലെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. “അത്തരമൊരു ഉത്തരവില്ല. അത്തരം നിയമവിരുദ്ധ വില്‍പ്പനയെ സംബന്ധിച്ച് രേഖാമൂലം പരാതി നല്‍കുകയാണെങ്കില്‍ നടപടി കൈക്കൊള്ളാമെന്ന് വകുപ്പ് സെക്രട്ടറി അശ്വന്ത് നാരായണ്‍ ഗൗഡ പറഞ്ഞു.
ഒരു രൂപക്ക് അരി നടപ്പിലാക്കാന്‍ ആരംഭിച്ചതോടു കൂടി ഗോതമ്പും പഞ്ചസാരയും വിതരണം ചെയ്യുന്നത് നിര്‍ത്തിയതായി പലരും പരാതിപ്പെട്ടു. അതേസമയം, നിലവാരം കുറഞ്ഞ സോപ്പ് പൊടിയാണ് നിര്‍ബന്ധിപ്പിച്ച് വാങ്ങിപ്പിക്കുന്നതെന്നും ചേരിനിവാസികള്‍ പറയുന്നു. “ഞങ്ങള്‍ ദരിദ്രരാണ്. 200 രൂപയെന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്. ഒരു രൂപക്ക് അരി വാങ്ങാന്‍ ചെല്ലുമ്പോള്‍ ഇരുനൂറിലധികം രൂപ ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് കൊറമംഗലയിലെ ടീച്ചേഴ്‌സ് കോളണിയിലെ താമസക്കാരി സരസ്വതി പറഞ്ഞു.
ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ മാസം 20 കിലോഗ്രാം അരി നല്‍കുന്നതാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന അന്ന ഭാഗ്യ പദ്ധതി.

Latest