Connect with us

Palakkad

അവശ്യ സാധനങ്ങളില്ല; ത്രിവേണി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു

Published

|

Last Updated

പാലക്കാട്: ആവശ്യ സാധനങ്ങളില്ലാതെ കണ്‍സ്യൂമര്‍ ഫെഡ് സ്റ്റോറുകള്‍ നോക്കുകുത്തികളായി. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതും സാധനങ്ങള്‍ വാങ്ങുന്നതിന് മുന്‍കൂര്‍ പണം നല്‍കേണ്ടിവരുന്നതുമാണ് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളെ പ്രതിസന്ധിയിലാക്കിയത്. ഓണം, റമസാന്‍ ആഘോഷവേളകളില്‍ അധിക വില നല്‍കി അവശ്യസാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.
മുന്‍കാലങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ എത്തിയ ശേഷം പണം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, നിലവില്‍ പണം മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ സാധനങ്ങള്‍ ലഭിക്കുന്നുള്ളൂ. റമസാന്‍ ആരംഭം മുതല്‍ സബ്‌സിഡി നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കണം എന്ന ആവശ്യം ഉയര്‍ന്നുവന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ആഗസ്റ്റ് ഒന്ന് മുതല്‍ സബ്‌സിഡി നിരക്കില്‍ അരി, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, മുളക്, മല്ലി, കടല, പരുപ്പ്, ചെറുപയര്‍, വന്‍പയര്‍ ഗ്രീന്‍പീസ്, ഉഴുന്ന്, ശര്‍ക്കര എന്നിങ്ങനെ 13 ഇനം സാധനങ്ങള്‍ നല്‍കാനാണ് തീരുമാനം. എന്നാല്‍, പച്ചക്കറി വിതരണത്തെക്കുറിച്ച് തീരുമാനം ഉണ്ടായിട്ടില്ല. ഉത്സവകാലങ്ങളില്‍ മാത്രം സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നത് സ്വകാര്യ വ്യാപാരികള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കാനുള്ള അവസരം നല്‍കാനാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
പച്ചക്കറി വില നിയന്ത്രിക്കാനായി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംരംഭം തുടങ്ങിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടായില്ല.

 

Latest