Connect with us

Kerala

പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും ചെന്നിത്തലയും ഡല്‍ഹിക്ക്

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫിലെയും കോണ്‍ഗ്രസിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലേക്ക് പോകും. സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത പി സി സി പ്രസിഡന്റുമാരുടെയും ഡി സി സി പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുക്കാന്‍ 27ന് ചെന്നിത്തലയും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചര്‍ച്ചക്ക് 28ന് മുഖ്യമന്ത്രിയും ഡല്‍ഹിയിലേക്ക്് പോകും. 28നും 29നും ഇരുവരും ഹൈക്കമാന്‍ഡുമായി വിശദമായ ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചയോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു ഡി എഫ് നേതൃയോഗത്തിന് ശേഷം ചെന്നിത്തലക്കും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസിലെ എന്ത് പ്രശ്‌നങ്ങള്‍ക്കാണ് ഡല്‍ഹി യാത്രയോടെ പരിഹാരമാകാന്‍ പോകുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി സമര്‍ഥമായി ഒഴിഞ്ഞുമാറി. കോണ്‍ഗ്രസില്‍ നേതൃമാറ്റമുണ്ടാകുമോ, മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഇതില്‍ ആശയക്കുഴപ്പത്തിന് വകയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള മറുപടി.

തനിക്ക് പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവിലെ പ്രശ്‌നങ്ങളുടെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്നാണ് യു ഡി എഫ് നേതൃയോഗത്തിന്റെ തീരുമാനം. യു ഡി എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.

Latest