അപകടക്കെണിയൊരുക്കി നിര്‍ത്തിയിട്ട ലോറികള്‍

Posted on: July 24, 2013 4:44 am | Last updated: July 24, 2013 at 4:44 am

തിരൂര്‍: യന്ത്രത്തകരാറ് മൂലവും വിശ്രമത്തിനുമായി റോഡിലും മറ്റുമായി പാര്‍ക്ക് ചെയ്യുന്ന ലോറികള്‍ അപകടമൊരുക്കുന്നത് പതിവാകുന്നു.
രാത്രിയിലടക്കം ഇത്തരം ലോറികള്‍ സുരക്ഷാമുന്നറിയിപ്പുകള്‍ കാറ്റില്‍ പറത്തി നിര്‍ത്തിയിടുന്നത് നിരവധി തവണ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാരത്തൂരില്‍ റോഡില്‍ യന്ത്ര തകരാറ് മൂലം നിര്‍ത്തിയിട്ട ലോറിയില്‍ തട്ടി തെറിച്ചുവീണ് ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. തലക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ഇയാള്‍ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു വര്‍ഷം മുമ്പ് മുസ്‌ലിയാരങ്ങാടിയില്‍ ഇത് പോലെ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. മിക്കലോറികളും സൂചനാലൈറ്റുകള്‍ തെളിയിക്കാറില്ല. തകരാറുള്ള ലോറി റോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവറും മറ്റ് ജീവനക്കാരും വിശ്രമത്തിനായി പോകാറാണ് പതിവ്. പല ലോറികളും ദീര്‍ഘദൂരം കഴിഞ്ഞ് വരുന്നതിനാല്‍ ലൈറ്റുകളും മറ്റും പൊടിയും ചെളിയും നിറഞ്ഞ് കാണാത്ത രീതിയിലുമായരിക്കും. ഇത് കൂടാതെ ബി പി അങ്ങാടി ബൈപ്പാസിലും തിരൂര്‍ റിംഗ് റോഡിലുമെല്ലാം പാതി റോഡിലും പാതി പുറത്തുമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കി ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.