സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ 2.75 കോടിയുടെ വികസനം

Posted on: July 24, 2013 4:39 am | Last updated: July 24, 2013 at 4:39 am

കോഴിക്കോട്: ജില്ലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന്റെ നെറുകയില്‍ ഒരു പൊന്‍തൂവല്‍ കൂടി. 2.75 കോടി രൂപ ചെലവില്‍ സര്‍ഗാലയയില്‍ ക്രാഫ്റ്റ് ട്രെയിനിംഗ് അക്കാദമി സ്ഥാപിക്കാനുളള പദ്ധതിക്ക് അനുമതി ലഭിച്ചു. തനത് കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുളള വിദഗ്ധ പരിശീലന കേന്ദ്രം മൂന്ന് നിലകളില്‍ നിര്‍മിക്കും.
പരിശീലന വിദഗ്ധര്‍ക്ക് താമസസൗകര്യം, പരിപാടികള്‍ നടത്താനുളള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ കെട്ടിടത്തിലുണ്ടാവും.
ഊരാളുങ്കല്‍ ലേബര്‍ കോ- ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. നിലവില്‍ 61തരം കരകൗശല ഉത്പ്പന്നങ്ങളാണ് സര്‍ഗാലയ കലാകാരന്‍മാരുടെ കരവിരുതില്‍ വിരിയുന്നത്. ജയ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രാഫ്റ്റ് ആന്‍ഡ് ഡിസൈനിന്റെ സഹകരണത്തോടെയായിരിക്കും കോഴ്‌സുകള്‍ നടത്തുക.
അക്കാദമി ഒരു വര്‍ഷത്തിനുളളില്‍ യാഥാര്‍ഥ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.