Connect with us

Palakkad

ശക്തമായ മഴയിലും ജില്ലയുടെ കിഴക്കന്‍ മേഖല വരണ്ട് തന്നെ

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് റെക്കോര്‍ഡ് മഴ പെയ്തിട്ടും ജില്ലയുടെ കിഴക്കന്‍ മേഖല വരണ്ടു തന്നെ. എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ പ്രദേശത്തെ കുളങ്ങളും കിണറുകളും തടയണകളും മഴക്കാലത്തും വറ്റി വരണ്ടു കിടക്കുകയാണ്.
വരട്ടിയാറിലെ തടയണകളില്‍ വെള്ളമില്ലാത്ത അവസ്ഥയാണ്. തമിഴ്‌നാട് രീതിയില്‍ കരിമ്പും ചോളവും പച്ചക്കറികളും വാഴയും കൃഷി ചെയ്യുന്ന ഇവിടെ ലഭിക്കുന്ന വെള്ളം കൊണ്ട് നല്ല രീതിയില്‍ കൃഷി നടത്തുന്നുണ്ട്. ഈ പ്രദേശത്തെ കോരയാര്‍, വരട്ടിയാര്‍ പുഴകളിലായി 30 ഓളം തടയണകളുണ്ട്. കൊച്ചി നാട്ടുരാജാവിന്റെ “ഭാഗമായിരുന്നപ്പോള്‍ “ഭൂവുടമകള്‍ നിര്‍മിച്ച തടയണകളും ഇവിടെയുണ്ട്.
കോരയാറിലെ തടയണകളിലും കൊഴിഞ്ഞാമ്പാറയുടെ ചില ഭാഗങ്ങളിലും പേരിന് വെള്ളമുണ്ടെങ്കിലും വരട്ടിയാറും ഇവിടുത്തെ തടയണകളും വരണ്ടു കിടക്കുകയാണ്. സമീപത്തെ തെങ്ങിന്‍തോട്ടങ്ങളിലെ തെങ്ങുകളില്‍ പലതും വരള്‍ച്ചയില്‍ ഉണങ്ങി നില്‍ക്കുകയാണ്. ഏക്കര്‍ കണക്കിന് വാഴകൃഷിയും വെള്ളമില്ലാതെ ശോഷിച്ചു. തടയണയില്‍ വെള്ളമില്ലാത്തതിനാല്‍ സമീപത്തെ കിണറുകള്‍ വറ്റി വരണ്ടു. കുഴല്‍ക്കിണറുകളിലെ വെള്ളം പോലും താഴ്ന്നു. ആര്‍ ബി കനാല്‍ വേലന്താവളം വരെ നീട്ടുന്ന പദ്ധതി പൂര്‍ത്തിയായാല്‍ മാത്രമേ ഈ ചെക്ഡാമുകളില്‍ വെള്ളം എത്തിക്കാന്‍ സാധിക്കു.—പണം അനുവദിച്ചിട്ടുണ്ടെങ്കിലും കനാല്‍ പോകേണ്ട സ്ഥലം സൗജന്യമായി ലഭിക്കാത്തതാണ് തടസ്സം.
സ്ഥലത്തിന് 25 ലക്ഷം രൂപ വരെ വിലയുള്ളപ്പോള്‍ രണ്ടും മൂന്നും ഏക്കര്‍ മാത്രം സ്ഥലമുള്ള കര്‍ഷകന്‍ ഭൂമി എങ്ങനെ സൗജന്യമായി നല്‍കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. അതുകൊണ്ട് സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ സ്ഥലത്തിന് തുക നീക്കി വെക്കണമെന്നവര്‍ പറയുന്നു.

 

Latest