പുഴത്തീരത്തെ മരങ്ങള്‍ വ്യാപകമായി മുറിച്ചു കടത്തുന്നു

Posted on: July 24, 2013 4:26 am | Last updated: July 24, 2013 at 4:26 am

അഗളി: കൊടുങ്ങരപ്പള്ളം പുഴയുടെ തീരത്ത് നിന്നും മരങ്ങള്‍ വ്യാപകമായി മുറിച്ചു കടത്തുന്നു. അഹാര്‍ഡ്‌സ് പദ്ധതിപ്രകാരം സംരക്ഷിച്ച മരങ്ങളും മുറിച്ചുമാറ്റിയവയില്‍ ഉള്‍പ്പെടുന്നു.
കിഴക്കന്‍ അട്ടപ്പാടിയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ഒഴുകുന്ന നദിയാണ് കൊടുങ്ങരപ്പള്ളം പുഴ. വിവിധ സര്‍ക്കാര്‍ പദ്ധതിപ്രകാരം വെച്ചുപിടിപ്പിച്ച മരങ്ങളും മുറിച്ചുമാറ്റിയവയില്‍ ഉള്‍പ്പെടുന്നു. സമീപ പ്രദേശങ്ങളിലെ ഇഷ്ടിക കളങ്ങളിലേക്കാണ് തടികള്‍ കൊണ്ടുപോകുന്നത്. ആനക്കട്ടിയിലെ ദാസന്നൂരില്‍ നിന്നും തടിയുമായി പോയ ട്രാക്ടര്‍ ഷോളയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് അനധികൃത മരംമുറി വ്യക്തമായത്.
അട്ടപ്പാടിയില്‍ നടപ്പാക്കിയ അഹാര്‍ഡ്‌സ് പദ്ധതി മുഖേന കൊടുങ്ങരപ്പള്ളം പുഴയുടെ ഇരുവശങ്ങളിലും മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നു. പുഴ സംരക്ഷണത്തിന്റെ ‘ഭാഗമായിട്ടായിരുന്നു മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. ഇതും മുറിച്ചു മാറ്റിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. വനം ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്ത പക്ഷം വന്‍തോതില്‍ മരങ്ങള്‍ മുറിച്ച കടത്താപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.